സമീപകാലത്തായി വളരെ മോശം ഫോമിലൂടെയാണ് കെഎൽ രാഹുൽ കടന്നുപോകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിന് പിന്നാലെ ഐപിഎല്ലിലും താരം മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. താരത്തിന്റെ മോശം പ്രകടനം രാഹുൽ നയിക്കുന്ന ലക്നൗ സൂപ്പർ ജയൻ്റ്സിന് വലിയ ആശങ്കയാണ് നൽകുന്നത്.ഇപ്പോൾ ഇതാ താരം ഫോമിലേക്ക് തിരിച്ചെത്തുവാൻ ടീം മാനേജ്മെന്റിന് ഉപായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ.
നായക സ്ഥാനത്തിന്റെ സമ്മർദ്ദം ഒഴിവാക്കുകയാണെങ്കിൽ താരത്തിന് ഫോമിലേക്ക് തിരിച്ചുവരാനാകും എന്നാണ് മുൻ പാക്കിസ്ഥാൻ താരം പറഞ്ഞത്. “ബാറ്റിംഗിൽ മോശം ഫോം കെഎൽ തുടരുകയാണെങ്കിൽ അദ്ദേഹത്തെ മാറ്റുന്നതിനെക്കുറിച്ച് ലക്നൗ സൂപ്പർ ജയൻ്റ്സ് ടീം മാനേജ്മെന്റിന് ആലോചിക്കേണ്ടി വരും. ഒരുപാട് മത്സരങ്ങൾ ലീഗിൽ ഉണ്ട്. ടീമിൽ നായകനാകാൻ കഴിവുള്ള വേറെ കളിക്കാരും ഉണ്ട്.
റൺസ് നേടുവാൻ രാഹുലിന് ബുദ്ധിമുട്ട് തുടരുകയാണെങ്കിൽ നായക സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റാവുന്നതാണ്.നിക്കോളാസ് പൂരനെ പകരം നായക സ്ഥാനം ഏൽപ്പിക്കാം. മികച്ച ഒരു ക്യാപ്റ്റനാണ് അദ്ദേഹം. നായക സ്ഥാനത്തിന്റെ അമിതഭാരം കുറക്കുകയാണെങ്കിൽ ഒരുപക്ഷേ അത് രാഹുലിന്റെ സമ്മർദ്ദം കുറയ്ക്കുകയും ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കാൻ സഹായിക്കുകയും ചെയ്യും. മധ്യനിരയിലേക്ക് രാഹുലിനെ മാറ്റുകയും ചെയ്യാം. വൈകാതെ തന്നെ ടീമിലേക്ക് ക്വിൻ്റൺ ഡീ കോക്ക് തിരിച്ചെത്തും.
അപ്പോൾ ടീം കോമ്പിനേഷൻ എങ്ങനെയാകും എന്ന് ചിന്തിക്കണം. കൈൽ മയേഴ്സ് ഓപ്പണർ ആയി ഇറങ്ങി മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. മയേഴ്സ് ടീമിന് നൽകുന്നത് വളരെ മികച്ച തുടക്കമാണ്. എതിർ ടീമിനെ ഇത് വളരെയധികം സമ്മർദ്ദത്തിലാക്കുന്നു. ഈ റോളിൽ നിന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തെ മാറ്റാൻ കഴിയില്ല. ഡി കോക്ക് തന്നെ മയേഴ്സിന്റെ ഓപ്പണിങ് പങ്കാളിയായി കളിക്കണം. വളരെ അപകടകരമായ ഓപ്പണിങ് ജോഡിയായി ഇവർ മാറും.”-ഡാനിഷ് കനേരിയ പറഞ്ഞു.