തൻ്റെ കരിയറിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ട ബാറ്റ്സ്മാൻമാർ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പാക് സ്പിന്നർ സക്ലിയൻ മുഷ്താഖ്. ഇന്ത്യൻ ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ ടെണ്ടുൽക്കറുടെയും പേരാണ് താരം പറഞ്ഞത്. നിരവധി തവണ ഇരുവരെയും പുറത്താക്കിയിട്ടുണ്ടെങ്കിലും അത് അത്ര എളുപ്പമായിരുന്നില്ല എന്നാണ് താരം തുറന്നു പറഞ്ഞത്.
“നിരവധി തവണ ഞാൻ സച്ചിനെയും ദ്രാവിഡിനെയും പുറത്താക്കിയിട്ടുണ്ട്. പക്ഷേ ഞാൻ അതിനു വേണ്ടി ക്ഷമയോടെ ദീർഘനേരം കാത്തിരുന്നിട്ടുണ്ട്. കാരണം എലിയെ പിടിക്കുന്നത് പോലെ പുലികളെ പിടിക്കാൻ പറ്റില്ലല്ലോ. ഇരുവരെയും എങ്ങനെ വീഴ്ത്താമെന്നും എങ്ങനെ പുറത്താക്കാം എന്നും ഞാൻ മണിക്കൂറുകളോളം ആലോചിച്ചിട്ടുണ്ട്.
എനിക്ക് പലപ്പോഴും 20 ഓവറുകൾ വരെ എറിഞ്ഞിട്ടും ഇവരെ പുറത്താക്കാൻ കഴിഞ്ഞിട്ടില്ല. അത്ര എളുപ്പമുള്ള കാര്യമല്ല ലോകോത്തര ബാറ്റർമാരായ ഇരുവരെയും പുറത്താക്കുക എന്നത്. സച്ചിനും ദ്രാവിഡിനും ഗാംഗുലിക്കും അസ്ഹറുദ്ദീനും എതിരെ നല്ല രീതിയിൽ പന്തറിഞ്ഞിട്ടുണ്ട്. എന്നെ കണ്ടിട്ട് ശരിക്കും ഭയപ്പെട്ടിട്ടുള്ള ബാറ്റർ മുൻ ഇന്ത്യൻ താരം അജയ് ജഡേജയാണ്.
ഞാൻ പന്തറിയാൻ വരുന്നത് കണ്ടാൽ തന്നെ ജഡേജയുടെ മുഖം വിളറി വെളുക്കും.എൻ്റെ ഒരു ഓവർ അയാൾ അതിജീവിക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു. എപ്പോഴും എൻ്റെ പന്തുകളിൽ അയാൾ പുറത്താകുമായിരുന്നു. പക്ഷേ ഗാംഗുലിയും സച്ചിനും ദ്രാവിഡും അസഹറും എല്ലാം അപകടകാരികളായ ബാറ്റർമാരായിരുന്നു.”- മുഷ്താഖ് പറഞ്ഞു.