ന്യൂസിലാൻഡിനെതിരായ രണ്ടാം 20-20 മത്സരത്തിൽ മലയാളി താരം സഞ്ജുവിനെ ഇറക്കാത്തത് സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. ഇപ്പോൾ ഇതാ ഇതേ കാര്യം ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനെരിയ. സഞ്ജുവിന് പകരം മധ്യനിരയിൽ ശ്രേയസ് അയ്യർ,ദീപക് ഹൂഡ,സൂര്യ കുമാർ യാദവ് എന്നിവരെയായിരുന്നു ഇന്ത്യ ഇറക്കിയത്.
“സഞ്ജുവിനെ ഇന്ത്യ ഒരിക്കലും പുറത്തിരുത്തരുത്. അവൻ പ്ലെയിങ് ഇലവനിൽ സ്ഥാനം അർഹിക്കുന്നുണ്ട്. ഇന്ത്യ അവനെ പുറത്തിരുത്തി അവന്റെ കഴിവ് നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അവൻ അതിഗംഭീര കളിക്കാരനാണ്. സൂര്യ കുമാർ യാദവിനെ പോലെ അതേ ഷോട്ടുകൾ കളിക്കാൻ കഴിവുള്ള താരമാണ് സഞ്ജു. സഞ്ജു കളിക്കുന്നത് യഥാർത്ഥ ക്രിക്കറ്റ് ഷോട്ടുകൾ ആണ്. തനിക്കൊപ്പം ടീമിനെയും ഒപ്പം കൊണ്ടുപോകാൻ കഴിവുള്ള താരമാണ് സഞ്ജു. ഇന്ത്യൻ ക്രിക്കറ്റ് നോക്കേണ്ടത് ഭാവിയിലേക്കാണ്. ട്വന്റി-ട്വന്റിയിലെ നായകനാക്കാൻ നോക്കുന്നത് ഹർദിക് പാണ്ഡ്യയെയാണ്. നായക റോളിലേക്ക് സഞ്ജുവും നല്ല ചോയ്സ് ആണ്.
ഇന്ത്യൻ ടീമിനെ ഭാവിയിൽ ഒരു ഘട്ടത്തിൽ നയിക്കാൻ അവന് സാധിക്കും. ഒരു നായകനാകാനുള്ള കഴിവ് തീർച്ചയായും അവനുണ്ട്. അദ്ദേഹം നായകനായി ടീമിനെ നയിക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. എങ്ങനെയാണ് ഒരു ടീമിനെ നയിക്കുമ്പോൾ അവൻ പെരുമാറുന്നതെന്ന് നമ്മൾ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മികച്ച രീതിയിൽ ഇന്ത്യയെ നയിക്കുവാൻ അവന് സാധിക്കും. അവനെ ഇടയ്ക്ക് മാത്രം കളിപ്പിക്കുന്ന രീതി ഇന്ത്യ അവസാനിപ്പിക്കണം. ഇനി പ്രധാനം അവന് സ്ഥിരമായി അവസരം നൽകുന്നതാണ്. സഞ്ജു ലോകം മുഴുവൻ കാണാൻ ആഗ്രഹിക്കുന്ന ഒരു ക്ലാസ് പ്ലെയറാണ്. ഒറ്റയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കുവാൻ തനിക്ക് കഴിവുണ്ടെന്ന് സഞ്ജു നേരത്തെ തെളിയിച്ചതാണ്.
അത്രയധികം പ്രതിഭാശാലിയാണ് സഞ്ജു. പന്തിനേക്കാൾ എത്രയോ മികച്ച താരമാണ് സഞ്ജു. ട്വൻ്റി 20 ഫോർമാറ്റിൽ നിന്നും പന്തിനെ ഇന്ത്യ ഒഴിവാക്കണം. പന്തിന് ഏകദിനവും ടെസ്റ്റ് ക്രിക്കറ്റും മാത്രമാണ് പറ്റുകയുള്ളൂ. അവന്റെ റോളിൽ മികച്ച പ്രകടനം പുറത്തെടുക്കുവാൻ സഞ്ജുവിന് സാധിക്കും. അടുത്ത ലോകകപ്പിൽ സഞ്ജു കളിക്കുകയും ചെയ്യും. അടുത്ത ലോകകപ്പിലെ ഇന്ത്യയുടെ നിർണായ താരമായിരിക്കും സഞ്ജു.ഗില്ലിനും ഇന്ത്യ കൂടുതൽ അവസരങ്ങൾ നൽകണം. അവൻ വളരെ നന്നായി കളിക്കുന്ന താരമാണ്. ന്യൂസിലാൻഡ് പോലത്തെ രാജ്യങ്ങളിലെ സാഹചര്യങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അവന് സാധിക്കും. അവൻ അത്തരത്തിലുള്ള ഒരു കളിക്കാരനാണ്. അടുത്ത കളിയിൽ അവന് അവസരം നൽകണം.”- ഡാനിഷ് കനേരിയ പറഞ്ഞു.