നിലവിലെ പാക്കിസ്ഥാൻ നായകൻ ബാബർ ആസാം തന്റെ ക്യാപ്റ്റൻസി രാജിവെക്കണമെന്ന ആവശ്യവുമായി മുൻ പാക് താരം ശുഐബ് മാലിക്. പാക്കിസ്ഥാന്റെ പേസർ ഷാഹിൻ അഫ്രീദി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്നും മാലിക് പറയുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട ഒരു ടിവി ഷോയിൽ പങ്കെടുക്കവെയാണ് മാലിക്ക് തന്റെ അഭിപ്രായം അറിയിച്ചത്.
ബാബർ ആസമിന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ ടീമിന് യാതൊരുവിധ പുരോഗമനവും ഉണ്ടാവുന്നില്ല എന്നാണ് മാലിക് പറയുന്നത്. അതിനാൽ ബാബർ ടീമിലെ ഒരു കളിക്കാരനായി മാത്രം കളിച്ച് തന്റെ വ്യക്തിപരമായ പ്രകടനങ്ങളിലൂടെ രാജ്യത്തെ വിജയത്തിലെത്തിക്കാൻ ശ്രമിക്കണമെന്നും മാലിക് പറഞ്ഞു.
ടീമിന്റെ പ്രകടനങ്ങളിൽ പുരോഗതിയുണ്ടാക്കാൻ ബാബർ ആസമിന് സാധിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മാലിക് വിമർശനങ്ങൾ ഉന്നയിച്ചത്. “ഞാൻ ഇക്കാര്യം മുൻപും പറഞ്ഞിട്ടുണ്ട്. ബാബർ ആസാം പാക്കിസ്ഥാന്റെ നായകസ്ഥാനം രാജിവെക്കണം. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഒരു നായകൻ എന്ന നിലയിൽ മികച്ച സെലക്ഷനാണ് ബാബർ എന്ന് ഞാൻ കരുതുന്നില്ല.
അയാൾ പാക്കിസ്ഥാൻ ടീമിന്റെ നായകനായി തുടരുന്നുണ്ട്. എന്നാൽ ടീമിന് യാതൊരുതര പുരോഗതിയും ഉണ്ടാവുന്നില്ല. എന്നിരുന്നാലും പാക്കിസ്ഥാൻ ടീമിനായി ഒരു കളിക്കാരൻ എന്ന നിലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ബാബറിന് സാധിക്കും.”- മാലിക് പറയുന്നു.
മാത്രമല്ല ബാബറിനു പകരം ഷാഹിൻ അഫ്രീദിയെ പാകിസ്ഥാൻ നായക സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും മാലിക് പറയുകയുണ്ടായി. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ടീമിനെ നായകൻ എന്ന നിലയിൽ മികച്ച രീതിയിൽ നയിക്കാൻ അഫ്രീദിക്ക് സാധിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് മാലിക് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
“നിശ്ചിത ഓവർ ക്രിക്കറ്റിൽ പാകിസ്താന്റെ നായകനായി ഷാഹിൻ അഫ്രീദി എത്തണം. ബാബർ ആസാം രാജിവെക്കുകയാണെങ്കിൽ അഫ്രിദിയാണ് മികച്ച ഓപ്ഷൻ. ലാഹോർ ടീമിനായി ആക്രമണകാരിയായ ഒരു നായകനായി തുടരാൻ ഷാഹിൻ അഫ്രീദിക്ക് സാധിച്ചിട്ടുണ്ട്.”- മാലിക്ക് കൂട്ടിച്ചേർത്തു.
എന്നിരുന്നാലും 2023 ഏകദിന ലോകകപ്പിൽ അത്ര മോശം പ്രകടനമല്ല ബാബർ അസമിന്റെ കീഴിൽ പാകിസ്ഥാൻ കാഴ്ചവച്ചത്. ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പാക്കിസ്ഥാൻ വിജയം നേടിയിരുന്നു. നെതർലാൻഡ്സിനെയും ശ്രീലങ്കയെയും വളരെ ആധികാരികമായി തന്നെ പരാജയപ്പെടുത്താൻ പാകിസ്ഥാന് സാധിച്ചിരുന്നു. പക്ഷേ ഇന്ത്യയ്ക്കെതിരെ 7 വിക്കറ്റുകളുടെ കൂറ്റൻ പരാജയം പാക്കിസ്ഥാന് നേരിടേണ്ടിവന്നു. അതിനുശേഷമാണ് മാലിക് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്.