നിലവിൽ മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസൺ. ലഭിക്കുന്ന അവസരങ്ങൾ എല്ലാം മികച്ച രീതിയിൽ മുതലെടുക്കുവാൻ താരത്തിന് സാധിക്കുന്നുണ്ട്. എന്നാൽ താരം എത്ര മികച്ച രീതിയിൽ കളിച്ചാലും ടീമിൽ ഉണ്ടാകും എന്ന കാര്യത്തിൽ ഉറപ്പില്ല. ഒരു മത്സരം നന്നായി കളിച്ചാലും, തൊട്ടടുത്ത മത്സരത്തിലെ ടീം തിരഞ്ഞെടുക്കുമ്പോൾ താരത്തിനെ ഒഴിവാക്കിയേക്കും.
ഇത് ന്യൂസിലാൻഡിനെതിരെ കണ്ട കാഴ്ചയാണ്. ലഭിച്ച അവസരം മികച്ച രീതിയിൽ മുതലാക്കിയിട്ടും അടുത്ത മത്സരത്തിലെ ടീമിൽ നിന്നും താരത്തിനെ ഒരു കാരണവുമില്ലാതെ ഒഴിവാക്കി. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും താരത്തിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഇപ്പോഴിതാ താരത്തിനെ പരിഗണിക്കാത്തതിൽ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ന്യൂസിലാൻഡ് താരം സൈമൺ ഡൗൾ.
“രജത് പാട്ടിദാറിനെ പരിഗണിക്കുന്നതിന് നിങ്ങൾക്ക് താല്പര്യം ഉണ്ടാകും. സഞ്ജുവിനെ പോലെയുള്ള ഒരു താരത്തെ തഴയുന്നതിനുള്ള കാരണമല്ല അത് ഒന്നും. ലഭിച്ച പരിമിതമായ അവസരങ്ങൾ മികച്ച രീതിയിൽ മുതലാക്കിയിട്ടും സഞ്ജുവിനെ തഴയുന്ന സമീപനമാണ് ടീം ഇന്ത്യയുടേത്. പുറത്ത് ഒരുപാട് മികച്ച താരങ്ങൾ അവസരങ്ങൾക്കായി കാത്തിരിക്കുമ്പോൾ പുതിയ ഒരു താരത്തെ ഇന്ത്യൻ ജേഴ്സിയിൽ പരീക്ഷിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.”- സൈമൺ ഡൗൾ പറഞ്ഞു.
നേരത്തെയും സഞ്ജുവിന് പിന്തുണയുമായി ന്യൂസിലാൻഡ് താരം എത്തിയിരുന്നു. പന്തിനെക്കാളും മികച്ച ശരാശരിയുള്ള സഞ്ജുവിനെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നായിരുന്നു മുൻ ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ അന്ന് പറഞ്ഞത്. പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച കളിക്കാരൻ ആണെന്നും എന്നാൽ വൈറ്റ് ബോളിൽ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.