ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഇന്ത്യൻ ടീമിൽ അഴിച്ചുപണി നടത്തണമെന്ന ആവശ്യം വ്യാപകമായി ഉയരുകയാണ്. ട്വൻ്റി-20യിൽ നിന്നും മുതിർന്ന താരങ്ങളെ ഒഴിവാക്കി യുവതാരങ്ങൾക്ക് അവസരം നൽകണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാൽ മുതിർന്ന താരങ്ങളുടെ ഭാവി തീരുമാനമെടുക്കേണ്ട കാര്യത്തിൽ അവർക്ക് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ് ബി.സി.സി.ഐ.
സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മുതിർന്ന താരങ്ങളായ നായകൻ രോഹിത് ശർമ,വിരാട് കോഹ്ലി, അശ്വിൻ, ഭുവനേശ്വർ കുമാർ,മുഹമ്മദ് ഷമി എന്നിവരെ ഒഴിവാക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. എന്നാൽ വിരാട് കോഹ്ലി ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിരുന്നത്. പല മുൻ താരങ്ങളും ഇതേ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ അതേ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. മലയാളി താരം സഞ്ജുവിന് ടീമിൽ അവസരം നൽകണമെന്നും റോബിൻ ആവശ്യപ്പെട്ടു. അതിന് മാനേജ്മെൻ്റ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. “യുവതാരങ്ങൾക്കുള്ള വാതിൽ ഇന്ത്യൻ ടീമിൽ ഇപ്പോൾ തുറന്നിട്ടിട്ടുണ്ട്. പുതിയ താരങ്ങൾക്ക് അവസരം ലഭിക്കാനുള്ള മികച്ച സമയമാണിത്. ഇന്ത്യൻ ടീമിൽ തലമുറ മാറ്റം വേണം. ഇനി നോക്കേണ്ടത് ഭാവിയിലേക്കാണ്.
ടീമിലേക്ക് രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ എന്നിവരെ ഉൾപ്പെടുത്തണം. ഇരു താരങ്ങളും മികച്ച കഴിവുള്ളവരാണ്. ബൗളിങ്ങിൽ ദീപക് ഹൂഡ,ഉമ്രാൻ മാലിക് എന്നിവരെ ഉൾപ്പെടുത്തണം. ഇരുവരും മികച്ച കഴിവുള്ളവരാണ്. അവർക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.”- റോബിൻ ഉത്തപ്പ പറഞ്ഞു. നേരത്തെ ഇതേ ആവശ്യവുമായി ഇന്ത്യൻ ഇതിഹാസ താരം വിരേന്ദർ സെവാഗും രംഗത്ത് വന്നിരുന്നു. യുവതാരങ്ങളെ പരമ്പരകളിൽ മാത്രം കളിപ്പിച്ച് വലിയ ടൂർണമെന്റുകളിൽ നിന്ന് ഒഴിവാക്കുന്ന രീതി ശരിയല്ലെന്നാണ് മുന്‍ താരം പറഞ്ഞത്.