ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരുപാട് മത്സരങ്ങൾ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും തന്റെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ എല്ലാവരെയും ഞെട്ടിക്കാൻ 24കാരനായ മലയാളി താരം വിഘ്നേഷ് പുത്തൂരിന് സാധിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മുംബൈ ഇന്ത്യൻസിന്റെ മത്സരത്തിൽ 3 വിക്കറ്റുകളാണ് വിഘ്നേഷ് സ്വന്തമാക്കിയത്.
ചെന്നൈ നായകൻ ഋതുരാജ്, വെടിക്കെട്ട് ബാറ്ററായ ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകൾ തുടർച്ചയായി സ്വന്തമാക്കാൻ വിഘ്നേഷിന് സാധിച്ചു. ചെന്നൈ മൈതാനത്ത് സ്പിന്നർമാർക്ക് ലഭിച്ച ആനുകൂല്യം പൂർണമായും വിഘ്നേഷ് മുതലാക്കുകയായിരുന്നു. ഈ മികച്ച പ്രകടനത്തിന് പിന്നാലെ വിഘ്നേഷ് പുത്തൂരിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവജോത് സിംഗ് സിദ്ധു.
വിഘ്നേഷ് പുത്തൂരിന്റെ പ്രകടനം കാണുമ്പോൾ തനിക്ക് ഇന്ത്യയുടെ ഇതിഹാസ സ്പിന്നർമാരായ എരപ്പള്ളി പ്രസന്നയെയും ബിഷൻ സിങ് ബേദിയെയുമാണ് ഓർമ വരുന്നത് എന്ന് സിദ്ധു മത്സരശേഷം പറയുകയുണ്ടായി. “വിഘ്നേഷ് പുത്തൂർ എല്ലായിപ്പോഴും വിക്കറ്റുകൾ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. ഏറ്റവും പതിയെ പന്ത് എറിയുന്നതിൽ അവൻ ഭയപ്പെടുന്നില്ല. ബോൾ കൂടുതൽ സമയം വായുവിൽ നിർത്താൻ അവൻ ശ്രമിക്കുന്നു. നിലവിലെ സ്പിന്നർമാർ പ്രതിരോധാത്മകമായാണ് പന്ത് എറിയാറുള്ളത്. അതുകൊണ്ടുതന്നെ ബാറ്റർമാരുടെ ലെഗ് സൈഡാണ് അവർ നിരീക്ഷിക്കുന്നത്. പക്ഷേ വിഘ്നേഷ് അങ്ങനെയല്ല.”- സിദ്ധു പറഞ്ഞു.
“മറ്റ് സ്പിന്നർമാരെ വെച്ച് നോക്കുമ്പോൾ വിഘ്നേഷ് ഒരു വ്യത്യസ്തനായ ബോളറാണ്. എരപ്പള്ളി പ്രസന്നയ്ക്കും ബിഷൻ സിംഗ് ബേദിയ്ക്കും ശേഷം മറ്റൊരു സ്പിന്നറായാണ് ഞാൻ വിഘ്നേഷിനെ കാണുന്നത്. ബിഷൻ സിംഗ് ബേദിയുടെ പന്ത് നെറ്റ്സിൽ കളിക്കുക പോലും പ്രയാസകരമായ കാര്യമായിരുന്നു.”- സിദ്ധു കൂട്ടിച്ചേർക്കുന്നു. വളരെ വ്യത്യസ്തമായ ഒരു ക്രിക്കറ്റ് യാത്രയാണ് വിഘ്നേഷ് പുത്തൂരിന്റേത്. മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂരിന്റെ പിതാവ് സുനിൽകുമാർ ഒരു ഓട്ടോ ഡ്രൈവർ ആണ്. ഒരു മീഡിയം പേസറായി ക്രിക്കറ്റ് കരിയർ ആരംഭിച്ച വിഘ്നേഷിന് പൂർണമായ പിന്തുണയായിരുന്നു രക്ഷിതാക്കൾ നൽകിയത്.
വിഘ്നേഷിനായി തങ്ങളുടെ നാടായ മലപ്പുറം ഉപേക്ഷിച്ച് തൃശ്ശൂരിലേക്ക് കുടിയേറാനും ഇരുവരും തയ്യാറായി. ഇതിന് പിന്നാലെയാണ് വിഘ്നേഷിന്റെ ക്രിക്കറ്റ് ജീവിതത്തിൽ വലിയ വളർച്ചയുണ്ടായത്. കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ ആലപ്പി റിപ്പിൾസ് ടീമിനായി മികവ് പുലർത്താൻ വിഘ്നേഷിന് സാധിച്ചു. ഇത് കണ്ട് ആകൃഷ്ടരായ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി വിഘ്നേഷിനെ തങ്ങളുടെ ട്രയൽസിലേക്ക് വിളിക്കുകയുണ്ടായി. ട്രയൽസിൽ മുംബൈ നായകൻ ഹർദിക് പാണ്ട്യയെ അടക്കം വിറപ്പിക്കാൻ വിഘ്നേഷിന് സാധിച്ചു. ശേഷമാണ് മുംബൈ 10 മാസത്തെ ട്രെയിനിങ് നൽകി വിഘ്നേഷിനെ മികച്ച സ്പിന്നറാക്കി മാറ്റിയത്.