ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഇന്ത്യക്ക് ലഭിക്കാത്ത ഐ.സി.സി കിരീടം ഇത്തവണ നേടണം എന്ന വാശിയിലാണ് ബി.സി.സി.ഐ. അതിൻ്റെ ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ചെറുതായി തുടങ്ങിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ലോകകപ്പിനുള്ള 20 അംഗ സാധ്യതാ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഏതൊക്കെ കളിക്കാരാണ് ടീമിൽ സ്ഥാനം നേടിയത് എന്നതിനെപ്പറ്റി സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
ഈ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പല മുൻ താരങ്ങളും തങ്ങളുടെ സാധ്യത ടീമിനെ പ്രവചിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ശ്രദ്ധ നേടുന്നത് ഇന്ത്യയുടെ മുൻ ലോകകപ്പ് ജേതാവും സെലക്ടറുമായി കെ.ശ്രീകാന്ത് തന്റെ ലോകകപ്പ് സ്‌ക്വാഡിനെ കുറിച്ച് പറഞ്ഞ അഭിപ്രായമാണ്. ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടുമ്പോൾ അന്ന് ടീമിനെ തിരഞ്ഞെടുക്കുന്ന സെലക്ടർമാരുടെ കൂട്ടത്തിൽ ശ്രീകാന്തും ഉണ്ടായിരുന്നു.
“ഏകദിന ലോകകപ്പിലെ ടീമിൽ നിന്നും തീർച്ചയായും ഒഴിവാക്കുന്ന രണ്ട് കളിക്കാർ യുവ ഓപ്പണർ ആയ ശുബ്മാൻ ഗില്ലും ബൗളറായ ശർദുൽ താക്കൂറും ആയിരിക്കും. ടീമിൽ ഉറപ്പായും വേണ്ട നാല് ഫാസ്റ്റ് ബൗളർമാർ ഉമ്രാൻ മാലിക്, ജസ്പ്രീത് ബുംറ, അർഷദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരാണ്. ടീമിൽ നാല് പേസർമാർ മതി. വേണമെങ്കിൽ പരിഗണിക്കാവുന്ന കളിക്കാരനാണ് മുഹമ്മദ് ഷമി. ഞാൻ സംസാരിക്കുന്നത് ഒരു സെലക്ടർ എന്ന നിലയിലാണ്, അല്ലാതെ ഒരു ഫാൻ എന്ന നിലയിൽ അല്ല. ഞാൻ ടീമിൽ എടുക്കുന്ന മറ്റൊരു കളിക്കാരൻ ദീപക് ഹൂഡ ആയിരിക്കും. കളി ജയിപ്പിക്കാൻ സാധിക്കുന്നവരാണ് ഈ ചെറുപ്പക്കാർ. അതിൽ കൂടുതൽ ഇനി എന്താണ് വേണ്ടത്?
മത്സരം വിജയിക്കുക എന്നതാണ് നിങ്ങളുടെ ആഗ്രഹം. ഇന്ത്യക്ക് ആവശ്യം തനിച്ച് മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിവുള്ള യൂസഫ് പത്താനെ പോലെയുള്ള താരങ്ങളെയാണ്. 10 മത്സരങ്ങളിൽ നിന്നും മൂന്ന് മത്സരങ്ങൾ യൂസഫ് പത്താനെ പോലെയുള്ള കളിക്കാർ വിജയിപ്പിച്ചാലും അതുമതി. ഒരിക്കലും ഇതുപോലെയുള്ള താരങ്ങളിൽ നിന്നും സ്ഥിരത പ്രതീക്ഷിക്കരുത്. യൂസഫിനെ പോലെ കളിക്കാർ ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ നമുക്കുണ്ട്. അതിന് നല്ല ഒരു ഉദാഹരണമാണ് പന്ത്.
സ്ഥിരത ഒരിക്കലും അവനിൽ നിന്നും പ്രതീക്ഷിക്കരുത്. ഞാൻ ആഗ്രഹിക്കുന്നത് കളി വിജയിപ്പിക്കുക എന്നതാണ്. അല്ലാതെ സ്ഥിരതയല്ല. വലിയ കാര്യമാണ് ഇതുപോലെയുള്ള താരങ്ങൾക്ക് തനിച്ച് മത്സരങ്ങൾ വിജയിപ്പിക്കാൻ സാധിക്കുന്നത്. നിങ്ങൾക്ക് വേണ്ടി ഇത് ഇത്തരം താരങ്ങൾ ഇല്ലെങ്കിൽ വേറെ ആരാണ് ചെയ്യുക? പന്ത് നിങ്ങളെ തനിച്ച് മത്സരങ്ങൾ വിജയിപ്പിക്കും.”- ശ്രീകാന്ത് പറഞ്ഞു.