ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പുകൾ എല്ലാം ചില മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കും. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് നാളെ തുടക്കം കുറിക്കും. ആധുനിക ക്രിക്കറ്റിലെ തുല്യ ശക്തികളായ ഇന്ത്യൻ ടീമും കിവീസ് ടീമും ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നത് തീർച്ച. ഫൈനലിന് ചില മണിക്കൂറുകൾ മാത്രം അവശേഷിക്കേ ടീമുകൾ അന്തിമ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുവാനുള്ള ചർച്ചകളിലാണ്. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം പൂർണ്ണ ആത്മവിശ്വാസത്തിലാണ്. പക്ഷേ ഫൈനലിനുള്ള മികച്ച ബൗളിംഗ് നിരയെ തിരഞ്ഞെടുക്കുക ഒരു വലിയ വെല്ലുവിളി ആയി മാറിയിരിക്കുകയാണ്.
ഇന്ത്യൻ ടീം മാനേജ്മെന്റ് നാല് പേസ് ബൗളർമാരെ അന്തിമ പ്ലെയിങ് ഇലവനിൽ ഉൾപെടുത്തുമോ എന്നതും പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ വി.വി.എസ് ലക്ഷ്മൺ. ഇന്ത്യൻ ടീമിൽ മൂന്ന് പേസ് ബൗളർമാരും അശ്വിൻ :രവീന്ദ്ര ജഡേജ സ്പിൻ ജോടിയും സ്ഥാനം നേടും എന്നാണ് ലക്ഷ്മണിന്റെ പ്രവചനം.
“ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ബൗളിംഗ് നിരയിൽ ആശങ്കകൾ ഒന്നും ഇല്ലല്ലോ. മൂന്ന് ഫാസ്റ്റ് ബൗളർമാരായി ഇഷാന്ത് ശർമ, ജസ്‌പ്രീത് ബുറ, മുഹമ്മദ് ഷമി എന്നിവർ കളിക്കണം. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ കരുത്തരായ രണ്ട് സ്പിന്നർമാരും ഫൈനലിൽ കളിക്കണം.ഏറെ മികച്ച ഫോമിലുള്ള സിറാജിനെ ടീമിൽ ഉറപ്പായും കളിപ്പിക്കണമെന്ന ആവശ്യം ന്യായമാണ് പക്ഷേ നൂറിലേറെ ടെസ്റ്റ് കളിച്ച ഇഷാന്ത് ഇന്ത്യൻ ടീമിന് നൽകുന്ന ദൃഡത വളരെ പ്രധാനമാണ്.ഫൈനലിൽ ഇഷാന്ത് ശർമ പകരുന്ന പരിചയ സമ്പത്ത് നായകൻ കോഹ്ലിക്ക് പോലും നിർണായകമാണ് ” മുൻ ഇന്ത്യൻ താരം വാചാലനായി.
അതേസമയം ഫൈനലിൽ രണ്ട് സ്പിൻ ബൗളർമാരായി അശ്വിനും ജഡേജയും എത്തുന്നത് ബാറ്റിംഗിലും ഇന്ത്യൻ ടീമിന് അനുഗ്രഹമാണെന്നും ലക്ഷ്മൺ വിവരിക്കുന്നു. “അവർ ഇരുവരും ഇന്ത്യൻ ടീമിന്റെ മാച്ച് വിന്നേഴ്സ് ആണ് അവരുടെ സ്പിൻ കരുത്തിൽ ഫൈനലിൽ നമുക്ക് കിവീസ് ബാറ്റ്‌സ്മാന്മാരെ നേരിടാൻ കഴിയും.വിക്കറ്റ് വീഴ്ത്തുന്നതിന് ഒപ്പം അവർക്ക് റൺസ് കണ്ടെത്താനും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ കഴിയും ” ലക്ഷ്മൺ വാചലനായി.