ഭരതിനെ ഇന്ത്യ ഇനിയും കളിപ്പിക്കണം, കൂടുതൽ അവസരങ്ങൾ നൽകണം. നിർദ്ദേശവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ.

സൂപ്പർ താരം റിഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തിലായിരുന്നു ഇന്ത്യ കെ.എസ് ഭരതിനെ ടെസ്റ്റ് ടീമിലെത്തിച്ചത്. ആന്ധ്ര താരമായ ഭരത് ആഭ്യന്തര ക്രിക്കറ്റിൽ വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചിരുന്നത്. എന്നാൽ അരങ്ങേറ്റം കുറിച്ച ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും, പിന്നീട് നടന്ന ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ടീമിൽ സ്ഥാനമുറപ്പിക്കാൻ ഭരതിന് സാധിക്കാതെ വന്നു. ഈ നിരാശാജനകമായ പ്രകടനത്തോടെ ഭരതിന്റെ ടീമിലെ സ്ഥാനത്തെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. അതിനാൽ തന്നെ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഭരതിനെ ഇന്ത്യ കളിപ്പിക്കില്ല എന്ന തരത്തിൽ വാർത്തകളും പുറത്തു വരുന്നുണ്ട്. ഈ അവസരത്തിൽ ഭരതിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അഞ്ചും ചോപ്ര.

കെ എസ് ഭരതിനെ ഇന്ത്യ തങ്ങളുടെ ടീമിൽ നിന്ന് പുറത്താക്കരുത് എന്നാണ് ചോപ്ര പറയുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഭരത് വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും, ആ സാഹചര്യത്തിൽ ഭരതിനെ പുറത്താക്കുന്നത് ഉത്തമമല്ലെന്നും ചോപ്ര കൂട്ടിച്ചേർക്കുന്നു. “ഇന്ത്യൻ ടീമിൽ പന്തിന്റെ അഭാവം വലിയൊരു നഷ്ടം തന്നെയാണ്. പക്ഷേ കെഎസ് ഭരതിനോട് നമ്മൾ അനീതി കാണിക്കാൻ പാടില്ല. ഫൈനലിൽ ഏറ്റവും മികച്ച രീതിയിൽ അവൻ കീപ്പ് ചെയ്തു എന്നാണ് ഞാൻ കരുതുന്നത്. വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നത് തന്നെയായിരുന്നു അവന്റെ പ്രാഥമികമായ ജോലി. അത് ഭരത് നന്നായി തന്നെ ചെയ്തിട്ടുണ്ട്.”- ചോപ്ര പറയുന്നു.

FtH E0caUAE3DeO 1

“പ്രധാനമായും ബാറ്റിംഗ് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഭരതിനെതിരെ വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഭരതിന്റെ ബാറ്റിംഗ് നമ്മൾ കൂടുതലായി കണക്കിലെടുക്കേണ്ട കാര്യമില്ല എന്നാണ് ഞാൻ കരുതുന്നത്. മുൻനിര ബാറ്റർമാരെയും മധ്യനിര ബാറ്റർമാരെയും സഹായിക്കുക എന്നതായിരുന്നു ഭരതിന്റെ ജോലി. അത് അവൻ ഭംഗിയായി തന്നെ നിർവഹിച്ചിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്.”- ചോപ്ര കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചത് മുതൽ മികച്ച പ്രകടനങ്ങളൊന്നും ഭരത് ബാറ്റിംഗിൽ കാഴ്ച വെച്ചിട്ടില്ല. ഇതുവരെ 5 ടെസ്റ്റുകൾ ആണ് ഈ 29കാരൻ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 8 ഇന്നിങ്സുകളിൽ ഭരത് ബാറ്റ് ചെയ്തു. കേവലം 129 റൺസ് മാത്രമാണ് ഭരതിന് നേടാൻ സാധിച്ചത്. 18.42 ആണ് ഭരതിന്റെ ശരാശരി. എന്നിരുന്നാലും വിക്കറ്റിന് പിന്നിൽ 12 ക്യാച്ചുകൾ നേടാൻ ഭരതിന് സാധിച്ചിട്ടുണ്ട്. പക്ഷേ ബാറ്റിംഗിലെ മോശം പ്രകടനം ഭരതിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. മാത്രമല്ല ഇഷാൻ കിഷനെ പോലെ ഒരു കളിക്കാരൻ അവസരത്തിനായി കാത്തുനിൽക്കുമ്പോൾ ഇന്ത്യ ഇനിയും ഭരതിനെ ടീമിൽ ഉൾപ്പെടുത്തുമോ എന്നത് കണ്ടറിയേണ്ടതാണ്.

Previous articleആഷസിൽ റൺസ് കണ്ടെത്താൻ സഹായകമായത് കോഹ്ലിയുടെ ആ ഉപദേശം. തുറന്ന് പറഞ്ഞ് അലക്സ്‌ കെയറി.
Next articleഅന്ന് സച്ചിൻ പറഞ്ഞിരുന്നില്ലെങ്കിലും ധോണിയെ ഇന്ത്യ ക്യാപ്റ്റനാക്കിയേനെ. ടീം സെലക്ടർ പറയുന്നു.