ആഷസിൽ റൺസ് കണ്ടെത്താൻ സഹായകമായത് കോഹ്ലിയുടെ ആ ഉപദേശം. തുറന്ന് പറഞ്ഞ് അലക്സ്‌ കെയറി.

ഓസ്ട്രേലിയയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ആഷസ് ടെസ്റ്റിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ഓസ്ട്രേലിയൻ കീപ്പർ അലക്സ് കെയറി കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 99 പന്തുകളിൽ നിന്ന് 66 റൺസ് കെയറി സ്വന്തമാക്കുകയുണ്ടായി. ഇന്നിംഗ്സിൽ 10 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടിരുന്നു. ശേഷം രണ്ടാം ഇന്നിങ്സിലും കെയറി തന്റെ പോരാട്ടവീര്യം പുറത്തെടുക്കുകയുണ്ടായി. ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തനിക്ക് സഹായകരമായി മാറിയത് വിരാട് കോഹ്ലിയുടെ ഉപദേശമാണ് എന്നായിരുന്നു കെയറി മത്സരശേഷം പറഞ്ഞത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ കെയറിയുടെ മോശം ഷോട്ട് സെലക്ഷൻ വിരാട് കോഹ്ലിയെ നിരാശനാക്കിയിരുന്നു. അതിനുശേഷം അതേപ്പറ്റി കോഹ്ലി കേയറിയോടെ സംസാരിക്കുകയും ചെയ്തു. അത് തനിക്ക് ആഷസ് ടെസ്റ്റിലേക്ക് വന്നപ്പോൾ ഗുണം ചെയ്തു എന്നാണ് കെയറി ഇപ്പോൾ പറയുന്നത്. “ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം അത്തരമൊരു സ്വീപ്പ് ഷോട്ട് ഞാൻ കളിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അന്ന് ഇന്ത്യൻ താരം വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും എന്നെ ചോദ്യം ചെയ്യുകയുണ്ടായി. എന്താണ് നീ അവിടെ കാട്ടിയത് എന്നാണ് ഇരുവരും ചോദിച്ചത്. അവരുടെ വാക്കുകൾ എനിക്ക് അനുസരിക്കേണ്ടിവന്നു.”- കെയറി പറഞ്ഞു.

Fy10LgtakAE6uPC

ഫൈനലിൽ അനാവശ്യമായ സ്വീപ്പ് ഷോട്ട് കളിച്ചായിരുന്നു കെയറി പുറത്തായത്. അതിനാൽ തന്നെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ അങ്ങേയറ്റം ശ്രദ്ധിച്ചാണ് കെയറി ബാറ്റ് വീശിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ അതിവേഗം റൺസ് കണ്ടെത്താൻ ശ്രമിച്ചപ്പോഴും കെയറി അനാവശ്യ ഷോട്ടുകൾക്ക് മുതിർന്നിരുന്നില്ല. അത് കെയറിയുടെ ഇന്നിംഗ്സിൽ വലിയ രീതിയിൽ സഹായകരമാവുകയും ചെയ്തു. മത്സരത്തിൽ ഓസ്ട്രേലിയൻ ടീമിനായി നിർണായകമായ ഇന്നിംഗ്സുകളായിരുന്നു കെയറി കളിച്ചത്. കെയറിയുടെ ഇന്നിങ്സുകൾ ഓസ്ട്രേലിയയുടെ വിജയത്തിൽ വലിയൊരു പങ്കും വഹിച്ചിട്ടുണ്ട്.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 393 റൺസായിരുന്നു ഇംഗ്ലണ്ട് നേടിയത് ജോ റൂട്ടിന്റെ(118*) സെഞ്ചുറിയുടെ ബലത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ പടയോട്ടം. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഉസ്മാൻ ഖവാജയുടെ(141) സെഞ്ചുറിയുടെ ബലത്തിൽ 386 റൺസ് നേടുകയുണ്ടായി. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ കേവലം 273 റൺസിന് ഓൾ ഔട്ടാക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു. 281 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ പതറിയെങ്കിലും പിന്നീട് അതിവിദഗ്ധമായി മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. നായകൻ കമ്മിൻസ് പക്വതയാർന്ന ഇന്നിംഗ്സ് പുറത്തെടുത്തതോടെയാണ് മത്സരത്തിൽ രണ്ട് വിക്കറ്റുകൾക്ക് ഓസ്ട്രേലിയ വിജയിച്ചത്.