രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് സി എസ് കെ യുടെ നായകസ്ഥാനം എംഎസ് ധോണി രവീന്ദ്ര ജഡേജക്ക് കൈമാറിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആദ്യ മത്സരത്തിലായിരുന്നു ജഡേജയുടെ നായകനായുള്ള അരങ്ങേറ്റം. എന്നാൽ മത്സരത്തിൻ്റെ പാതിവഴിയിൽ ധോണി നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായി. ഇതേ അവസ്ഥ ഇന്നലെ നടന്ന ലക്നൗ സൂപ്പർ ജയൻ്റ്‌സുമായുള്ള മത്സരത്തിലും കണ്ടു. നായകനെന്ന പേര് മാത്രം നൽകി ബൗണ്ടറി ലൈനിൽ അരികെ കാഴ്ചക്കാരനായി നിൽക്കേണ്ട അവസ്ഥയായിരുന്നു ജഡേജക്ക്.
ബാക്കിയെല്ലാം ധോണിയുടെ നിർദ്ദേശപ്രകാരമായിരുന്നു. ബൗളർമാർക്ക് ഉപദേശം നൽകുന്നതും ഫീൽഡിങ് മാറ്റുന്നതും എല്ലാം ധോണി. ജഡേജയെ ഡമ്മി നായകനാക്കിയ അവസ്ഥയായിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് പലരും ഉന്നയിക്കുന്നത്. ഇപ്പോഴിതാ ഈ നിലപാടിനെതിരെ രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ.
അദ്ദേഹത്തിൻറെ വാക്കുകളിലൂടെ..
“മത്സരത്തിന് നിയന്ത്രണാവകാശം ജഡേജയിൽ നിന്ന് ധോണി നേടിയെടുക്കുന്നത് തെറ്റായ കാര്യമാണ്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നെക്കാൾ വലിയ ധോണി ആരാധകനില്ല. എന്നാൽ ധോണി ഇപ്പോൾ ചെയ്യുന്നത് മോശമാണ്. കൊൽക്കത്തക്കെതിരെ ജീവൻ മരണ പോരാട്ടം എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് ധോണി നിയന്ത്രണം ഏറ്റെടുത്ത്.
ആ സമയത്ത് അനിവാര്യമായിരുന്നു എന്ന് പറയാം. എന്നാൽ രണ്ടാം മത്സരത്തിലും ഇതുതന്നെ ആവർത്തിക്കുമ്പോൾ അത് ശരിയായ കാര്യമാണ് എന്ന് കരുതുന്നില്ല. നായകസ്ഥാനത്ത് രവീന്ദ്ര ജഡേജ ആയതുകൊണ്ടല്ല ഞാനിത് പറയുന്നത്. ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ ആ സ്ഥാനത്ത് ആരായാലും പറയും. ജഡേജ നായകനായി കളത്തിൽ നിൽക്കുമ്പോൾ ഇങ്ങനെ ചെയ്യുന്നത് മോശമാണ്. ധോണി ഒരു വലിയ താരമാണ്. അതുകൊണ്ട് ഇതിനെക്കുറിച്ച് അധികം ഉച്ചത്തിൽ സംസാരിക്കുന്നതിൽ പ്രയാസമുണ്ട്.
എന്നാൽ ധോണിയുടെ പ്രവർത്തി ശരിയാണെന്ന് കരുതുന്നില്ല. ധോണിയെ പോലൊരു ഇതിഹാസനായകൻ ഇങ്ങനെ നായക സ്ഥാനമൊഴിയാൻ തീരുമാനിച്ചതാണ്. ജഡേജയെ മുന്നോട്ടു കൊണ്ടുവരാൻ ആണ് ശ്രമിക്കേണ്ടത്. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് അതല്ല. അവനെ പിന്നോട്ട് വലിക്കുകയാണ് ചെയ്യുന്നത്. അവൻറെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നു. ആത്മധൈര്യത്തെ ചോർത്തിക്കളയുന്നു. അവനു മത്സരത്തിൽ പൂർണ്ണ ശ്രദ്ധ നൽകാനാവുന്നില്ല. ഞാൻ ആരെയും വിമർശിക്കുകയല്ല. ജഡേജയുള്ളപ്പോൾ ധോണി നായകസ്ഥാനം ഏറ്റെടുത്തതിൻറെ തെറ്റ് ചൂണ്ടിക്കാട്ടുകയാണ്.
ടീം മീറ്റിംഗിൽ ധോണി സംസാരിക്കുന്നത് നമ്മൾ കാണുന്നതാണ്. അദ്ദേഹത്തെപ്പോലെ മത്സരം മനസ്സിലാക്കാൻ കഴിവുള്ളവർ ഇല്ല. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന നടപടി ശരിയാണെന്ന് തോന്നുന്നില്ല. തുടക്കത്തിൽ തന്നെ ഇത്തരമൊരു അനുഭവം നേരിട്ടാൽ ജഡേജയ്ക്ക് വളരാൻ ആവില്ല.”-അദ്ദേഹം പറഞ്ഞു.
ധോണിക്ക് കീഴിൽ ജഡേജ നിഴലായി ഒതുങ്ങുന്ന അവസ്ഥയാണിത്. ക്യാപ്റ്റൻസിയെ കുറിച്ച് എല്ലാവരും കുറ്റപ്പെടുത്തുമ്പോൾ ഇതുവരെ പൂർണ സ്വാതന്ത്ര്യത്തോടെ മത്സരം നയിക്കാൻ ജഡേജക്ക് ആയിട്ടില്ല.