മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണ് പകരം പന്തിന് ഇന്ത്യ അവസരം നൽകുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ അതേ വിമർശനം ഉയർത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റിതീന്ദർ സോധി. ഇന്ത്യൻ ടീമിന് പന്ത് വലിയ ബാധ്യതയായി മാറിയെന്നും ടീമിൽ നിന്നും ഒഴിവാക്കണമെന്നുമാണ് മുൻ ഇന്ത്യൻ താരം ആവശ്യപ്പെട്ടത്.
ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഒരു മത്സരത്തിൽ പോകും അവസരം ലഭിക്കാതിരുന്ന സഞ്ജുവിനെ കുറിച്ചും മുൻ ഇന്ത്യൻ താരം സംസാരിച്ചു. ഒരുപാട് അവസരങ്ങൾ പന്തിന് ലഭിച്ചെങ്കിലും അത് വേണ്ട രീതിയിൽ മുതലാക്കാൻ പന്തിന് സാധിച്ചില്ല എന്നാണ് മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടത്.”ഇന്ത്യൻ ടീമിന് അവൻ ഇപ്പോൾ വലിയ ബാധ്യതയാണ്. അവനെ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു.

അവന് പകരം സഞ്ജുവിന് ടീമിൽ സ്ഥാനം നൽകണം. മികച്ച ഒരാൾക്ക് അവസരം നൽകണം. ഐസിസി ടൂർണമെന്റുകളിൽ എപ്പോഴും പരാജയപ്പെടുന്നത് നല്ലതല്ല. പന്തിന് വളരെയധികം അവസരങ്ങൾ നൽകിയിട്ടും ഇപ്പോഴും ഒരുപാട് പ്രശ്നങ്ങളുണ്ട്. പുതിയ ആളുകൾക്ക് ഇനി അവസരം നൽകണം.
ലഭിച്ച അവസരങ്ങൾ ഉപയോഗപ്പെടുത്തി മികച്ച പ്രകടനം പുറത്തെടുക്കേണ്ടിയിരുന്നു. എല്ലാ കാര്യങ്ങൾക്കും ഒരു പരിധിയുണ്ട്. അധിക കാലം ഒരു ക്രിക്കറ്റ് താരത്തെയും ആശ്രയിക്കാൻ ആകില്ല. മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെങ്കിൽ പുറത്ത് കടക്കുന്ന വാതിൽ അവർക്ക് കാണിച്ചുകൊടുക്കുക.”- സോധി പറഞ്ഞു.