ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റത്തിന് ഒരുങ്ങുകയാണ് ബി.സി.സി. ഐ. ആ മാറ്റത്തിന് സൂചനയായിട്ടാണ് ശ്രീലങ്കക്കെതിരായ ട്വൻ്റി ട്വൻ്റി പരമ്പരയിൽ നിന്നും മുതിർന്ന താരങ്ങളെ ഒഴിവാക്കി കൂടുതലായും യുവതാരങ്ങളെ ഉൾപ്പെടുത്തിയത്. മാത്രമല്ല നായക സ്ഥാനത്ത് ഹർദിക് പാണ്ഡ്യയെയും നിയമിച്ചു. ഔദ്യോഗികമായി മുഴുവൻ സമയ നായകനായി താരത്തെ നിയമിച്ചിട്ടില്ലെങ്കിലും അടുത്ത കാലത്ത് തന്നെ അത് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ താരത്തിന്റെ ക്യാപ്റ്റൻസിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സബ കരീം. അഭിനന്ദിക്കുന്ന അതിനോടൊപ്പം മുന്നറിയിപ്പ് നൽകാനും മുൻ ഇന്ത്യൻ താരം മറന്നില്ല. കളിക്കിടയിൽ വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അലന്തരഫലങ്ങളെ കുറിച്ചാണ് താരത്തിന് മുൻ ഇന്ത്യൻ താരം മുന്നറിയിപ്പ് നൽകിയത്. ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ പത്തൊമ്പതാം ഓവറിൽ ഹർഷൽ പട്ടേലിനും ചാഹലിനും എതിരെ ഹർദിക് പാണ്ഡ്യ പൊട്ടിത്തെറിച്ചിരുന്നു.
“ഹർദിക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് തൻ്റെ മനോഭാവത്തിലാണ്. അവനെ എല്ലാവരും ഒരു കളിക്കാരൻ എന്ന നിലയിൽ ഇഷ്ടപ്പെടുന്നു. എന്നാലും ക്യാപ്റ്റൻ എന്ന നിലയിൽ അവൻ വികാരങ്ങൾ പ്രകടിപ്പിക്കാൻ തുടർന്നാൽ ഒപ്പം കളിക്കുന്ന കളിക്കാർ പേടിക്കും. ഞാൻ ഒരിക്കലും അത് ഒരു ടീമിൻ്റെ വളർച്ചയ്ക്ക് നല്ലതാണെന്ന് കരുതുന്നില്ല. തൻ്റെ കളിക്കാരെ ഹർദിക് വിശ്വസിക്കണം.”-മുൻ ഇന്ത്യൻ താരം പറഞ്ഞു.
ശ്രീലങ്കക്കെതിരായ നിർണായകമായ പത്തൊമ്പതാം ഓവറിൽ 16 റൺസ് ആയിരുന്നു ഹർഷൽ പട്ടേൽ വിട്ടു നൽകിയത്. ചാഹൽ വരുത്തിയ പിഴവിനായിരുന്നു ഹർദിക് പാണ്ഡ്യ ദേഷ്യം പിടിച്ചത്. ഇതെല്ലാം കണ്ടാണ് ഹർദിക്കിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം രംഗത്ത് വന്നത്.