ലോകക്രിക്കറ്റിൽ ഏറ്റവും അധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് മുൻ ഇന്ത്യൻ നായകനും ഒപ്പം ഇതിഹാസ താരവുമായ മഹേന്ദ്ര സിംഗ് ധോണി. കഴിഞ്ഞ വർഷം സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി ഇത്തവണത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ നായകനായിരുന്നു. ബാറ്റിംഗിൽ പഴയ ഫോം വീണ്ടെടുക്കുവാൻ കഴിയാതെ ഉഴറുന്ന ധോണി അടുത്ത സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുമോ എന്ന ആശങ്കയും ക്രിക്കറ്റ് ആരാധകരിൽ സജീവമാണ്. ഇക്കാര്യത്തിൽ ഇതുവരെ ധോണി തന്റെ നയം വ്യക്തമാക്കിയിട്ടില്ല. അടുത്ത വർഷം രണ്ട് പുതിയ ടീമുകളെ കൂടി ഉൾപ്പെടുത്തി ഐപിഎല്ലിൽ മെഗാ താരലേലം സംഘടിപ്പിക്കുവാനാണ് ഇപ്പോൾ ബിസിസിഐ ആലോചന.
അടുത്ത ഐപിഎല്ലിൽ ധോണിയെ ചെന്നൈ ടീം നിലനിർത്തുമോ എന്നൊരു ചർച്ചയും ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വ്യാപകമാണ്.ചെന്നൈ ടീം പുതിയ ഒരു ടീമിനെ സൃഷ്ടിക്കണം എന്നാണ് മിക്ക ആരാധകരുടെയും അഭിപ്രായം. ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ധോണിയെ അടുത്ത സീസണിൽ ചെന്നൈ ടീം നിലനിർത്തുമോ എന്നുള്ള ചോദ്യത്തിന് നോ എന്നാണ് ചോപ്ര നൽകുന്ന ഉത്തരം.ഇനിയും മൂന്ന് വർഷം ധോണി കളിക്കില്ല എന്നുമാണ് ചോപ്രയുടെ അഭിപ്രായം.
“ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ നായകനായും ഒപ്പം കളിക്കാരനായും ധോണി ഇനിയും തുടരുവാൻ സാധ്യത ഇല്ല . ഇനിയും മൂന്ന് വർഷകാലം അദ്ദേഹം ടീമിന്റെ കുപ്പായം അണിയുവാൻ വളരെ സാധ്യത കുറവാണ്.ധോണിയെ പോലെ ഒരു താരത്തെ ഒരു ഐപിൽ സീസൺ വേണ്ടി മാത്രമായി ടീമിൽ വൻ തുകക്ക് നിലനിർത്തിയാൽ അത് ചെന്നൈ ടീം മാനേജ്മെൻറ്റിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ സാമ്പത്തിക നഷ്ടമാണ്. തന്നെ ടീം ഇപ്രകാരം വീണ്ടും ടീമിൽ നിലനിർത്തുന്നത് ധോണിയെ പോലും ഏറെ വിഷമിപ്പിക്കും. എന്തിനാകും ധോണിയെ ചെന്നൈ പോലൊരു ടീം വീണ്ടും നിലനിർത്തിയത് എന്നൊരു വലിയ ചോദ്യം ഉയരും.ഒപ്പം അദ്ദേഹം സ്വയം ഈ ചോദ്യവും തന്നോട് തന്നെ ചോദിക്കാം.”ചോപ്ര വിശദമാക്കി.
കൂടാതെ വരുന്ന താരലേലം ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് വളരെയേറെ പ്രധാനം എന്നുമാണ് ചോപ്രയുടെ അഭിപ്രായം. ആരെയും ടീമിൽ തുടരുവാൻ അനുവദിക്കാതെ പുത്തൻ ടീമിനെ രൂപീകരിക്കുവാനും അവർക്ക് കഴിയും എന്നും ചോപ്ര തുറന്ന് സമ്മതിച്ചു.