മുരളിയുടെ അപൂർവ്വ റെക്കോർഡ് ഇന്ത്യൻ താരം മറികടക്കും :വമ്പൻ പ്രവചനവുമായി ബ്രാഡ് ഹോഗ്

ലോകക്രിക്കറ്റിലെ എക്കാലത്തേയും മികച്ച സ്പിന്നറാണ് ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരൻ.ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 800ലധികം എതിരാളികളെ വീഴ്ത്തിയ മുരളീധരൻ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആർക്കും മറികടക്കുവാൻ കഴിയാത്ത നേട്ടങ്ങളുടെ സുൽത്താൻ കൂടിയാണ്. മാന്ത്രിക കൈകുഴയാൽ എതിർ നിരയിൽ ഭീതിയും ഒപ്പം എതിർ ടീമിലെ വിക്കറ്റുകൾ വേഗം വീഴ്ത്തുന്ന മുത്തയ്യ മുരളീധരൻ ലോകക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലുമായി 1000 അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ആരാകും മുരളിയുടെ വിക്കറ്റ് വേട്ടയിലെ റെക്കോർഡ് മറികടക്കുക എന്ന ചർച്ച ക്രിക്കറ്റ്‌ ലോകത്തും സജീവമാകാറുണ്ട്. ഇപ്പോൾ ഒരു ഇന്ത്യൻ സ്പിന്നർ ഈ അതുല്യ നേട്ടം മറികടക്കുമെന്നാണ് മുൻ ഓസ്ട്രേലിയൻ ബൗളർ ബ്രാഡ് ഹോഗ് പറയുന്നത്. ഇപ്പോൾ മുപ്പത്തിനാല് വയസ്സുകാരനായ അശ്വിൻ ഒരു ഏഴ് -എട്ട് വർഷകാലം ഇതേ ഫോമിൽ ഇന്ത്യൻ ടീമിൽ കളിക്കുകയാണേൽ മുരളിയുടെ റെക്കോർഡൊക്കെ അനായാസം തന്നെ മറികടക്കുമെന്നാണ് ഹോഗിന്റെ പുതിയ പ്രവചനം.

“സാഹചര്യങ്ങൾ എല്ലാം അശ്വിന് ഇനിയും അനുകൂലമായി വരുകയാണെൽ അത് മുരളിയുടെ റെക്കോർഡ് മറികടക്കുവാൻ സഹായിക്കുമെന്നത് ഉറപ്പാണ്.ബാറ്റിംഗിൽ അശ്വിന്റെ പ്രകടനം മോശമായേക്കാം പക്ഷേ ബൗളിങ്ങിൽ ഓരോ വർഷം കഴിയുംതോറും മൂർച്ച കൂടുകയാണ്. അശ്വിന്റെ കരിയറിന്റെ എല്ലാ കാലത്തും അദ്ദേഹം മികച്ച സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.എതിരാളികളുടെ എല്ലാം വിക്കറ്റ് വീഴ്ത്തുവാനുള്ള ഒരു അടങ്ങാത്ത ആവേശം അശ്വിനിൽ കാണാം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ പഠിക്കുവാൻ വേണ്ടി അശ്വിൻ അടുത്തിടെ കൗണ്ടി ക്രിക്കറ്റ്‌ കളിച്ചിരുന്നു. ഇനിയും അദ്ദേഹത്തിന് ഏറെ മുൻപോട്ട് പോകാം. അദ്ദേഹം ഈ ഫോം നിലനിർത്തി ഏറെ വർഷങ്ങൾ കുതിപ്പ് തുടരും “ഹോഗ് വാചാലനായി.

ടെസ്റ്റ് ക്രിക്കറ്റിൽ 78 മത്സരങ്ങൾ കളിച്ച രവിചന്ദ്രൻ അശ്വിൻ 409 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.കരിയറിൽ 30 തവണ 5 വിക്കറ്റ് നേടിയ അശ്വിൻ 7 തവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ താരം നാലാമതാണ്.