അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമെല്ലാം ഇത്തരം പിച്ചുകളിലാണ് പന്തെറിഞ്ഞിരുന്നതെങ്കില്‍ കരിയറില്‍ അവര്‍ ആയിരമോ എണ്ണൂറോ വിക്കറ്റുകള്‍ നേടിയേനെ : രൂക്ഷ വിമർശനവുമായി യുവരാജ് സിംഗ്

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ്  ടെസ്റ്റിന് വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സ്പിന്‍ പിച്ചിനെ നിശിതമായി  വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് രംഗത്തെത്തി .  “അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമെല്ലാം ഇത്തരം പിച്ചുകളിലാണ്   അവരുടെ കരിയറിൽ മിക്കപ്പോഴും  പന്തെറിഞ്ഞിരുന്നതെങ്കില്‍ കരിയറില്‍ അവര്‍ ആയിരമോ എണ്ണൂറോ വിക്കറ്റുകള്‍ അനായാസം തന്നെ  സ്വന്തമാക്കുമായിരുന്നുവെന്ന് യുവരാജ് ട്വീറ്റ് ചെയ്തു.

കേവലം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കുന്ന മത്സരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണോ എന്ന ചോദ്യവും യുവി മുന്നോട്ടുവെച്ചു. വിജയത്തില്‍ ഇന്ത്യന്‍ ടീമിനെയും മത്സരത്തില്‍ 11 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായ അക്സര്‍ പട്ടേലിനെയും കരിയറില്‍ 400 വിക്കറ്റെടുത്ത അശ്വിനെയും യുവി ട്വീറ്റില്‍ അഭിനന്ദിക്കുകയും ചെയ്തു.

മൊട്ടേറയിൽ പിങ്ക് ബോളിൽ നടന്ന ഡേ :നൈറ്റ്‌ ടെസ്റ്റ്  മത്സരം ഏറെ വിവാദങ്ങളോടെയാണ് അവസാനിച്ചത് .
മത്സരത്തിൽ ആകെ വീണ 30ൽ  28 വിക്കറ്റുകളും വീഴ്ത്തിയത് സ്പിൻ ബൗളർമാരാണ് . 2ദിവസത്തിനുള്ളിലാണ്  ടെസ്റ്റ് അവസാനിച്ചത്. ആകെ കളി നടന്നത് 6  സെക്ഷനിൽ മാത്രം .  ആദ്യ ദിനം 13 വിക്കറ്റുകളാണ് വീണതെങ്കില്‍ രണ്ടാം ദിനം 17 വിക്കറ്റുകള്‍ വീണു. ഇരു ടീമും ചേര്‍ന്ന് ആകെ ബാറ്റ് ചെയ്തതാകട്ടെ 140 ഓവര്‍ മാത്രവും. മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ 20 വിക്കറ്റില്‍ 19ഉം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയുടെ 10 വിക്കറ്റില്‍ ഒമ്പതും ഇംഗ്ലണ്ട് സ്പിന്നര്‍മാരാണ് വീഴ്ത്തിയത്. ഇന്ത്യക്കായി അക്ഷർ പട്ടേൽ 11 വിക്കറ്റ് ,അശ്വിൻ 7 വിക്കറ്റും മത്സരത്തിൽ വീഴ്ത്തി .

Previous articleമൊട്ടേറയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ലേ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ ചൂടുപിടിക്കുന്നു : പിച്ചിനെ വാഴ്ത്തി ഗവാസ്‌ക്കർ
Next articleജയിക്കാനെടുത്തത് വെറും 2 ദിവസം ഇന്ത്യയുടെ നേട്ടം ഇത് രണ്ടാം തവണ :വേഗത്തിൽ അവസാനിച്ച ടെസ്റ്റുകളുടെ പട്ടിക ഇതാ