ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ഇന്ന് മൂന്ന് ഫോർമാറ്റിലും ഗംഭീര പ്രകടനത്താൽ ഒന്നാം സ്ഥാനം നേടിക്കഴിഞ്ഞു. ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിക്ക് ഇതിൽ പ്രധാന പങ്കുണ്ട് എന്നതാണ് സത്യം.പക്ഷേ കോഹ്ലിയുടെ ക്യാപ്റ്റൻസിക്ക് എതിരെ വളരെ വിമർശനം ഉന്നയിക്കുന്നവരും സജീവമാണ്. ഇതുവരെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന് ഒരു ഐസിസി കിരീടവും നേരിടുവാൻ സാധിക്കാത്തതാണ് മിക്ക വിമർശനങ്ങളുടെയും കാരണം. ടെസ്റ്റ് ക്യാപ്റ്റനായി മാത്രം കോഹ്ലി തുടരണം എന്നും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സ്റ്റാർ ഓപ്പണർ രോഹിത് ശർമ നായകനായി വരണമെന്നും ആഗ്രഹിക്കുന്ന ഒട്ടേറെ ക്രിക്കറ്റ് ആരാധകരുമുണ്ട്.ഐപിഎല്ലിൽ ഏറെ കിരീടങ്ങൾ നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാപ്റ്റനാണ് രോഹിത്
ഇപ്പോൾ ഇത്തരത്തിൽ ഒരു അഭിപ്രായം തുറന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ ചീഫ് സെലക്ടറുമായിരുന്ന കിരൺ മോറെ.വരാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം കോഹ്ലി ഉറപ്പായും ഒരു നായക സ്ഥാനം ഒഴിയും എന്നാണ് മോറെയുടെ അഭിപ്രായം. ഒപ്പം ടെസ്റ്റ് ഫോർമാറ്റിൽ മാത്രം സ്ഥിരം നായക സ്ഥാനത്ത് തുടരുന്നതാണ് കോഹ്ലിക്കും വളരെ നല്ലതെന്ന് മോറെ തുറന്നടിച്ചു.
“കോഹ്ലി ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച നായകനാണ് പക്ഷേ എന്റെ വ്യക്തികത അഭിപ്രായത്തിൽ രോഹിത് ശർമ ഏറെ വൈകാതെ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിന്റെ നായകനാകും. കോഹ്ലി നേരത്തെ ധോണിയുടെ കീഴിൽ കളിച്ച വളരെ സമർത്ഥനായ ഒരു ക്യാപ്റ്റനാണ് പക്ഷേ അദ്ദേഹം ഇനിയും എത്ര കാലം ലിമിറ്റഡ് ഓവർ ടീമിന്റെ ക്യാപ്റ്റനായി തുടരും എന്നതിൽ ഒരു ചിന്ത നടത്തണം.രോഹിത് ക്യാപ്റ്റൻ ആയാൽ അത് കോഹ്ലിയുടെ കരിയറിനും ഗുണകരമാകും. ഇന്ത്യൻ ടീമിനെ മൂന്ന് വ്യത്യസ്ത ഫോർമാറ്റിലും ഒരാൾ നയിക്കുന്നത് ബുദ്ധിമുട്ടേറിയ ഒന്നാണ്.നയിക്കുന്നതിനൊപ്പം ടീമിൽ മികച്ച പ്രകടനത്തോടെ നിൽക്കുക എന്നതും വലിയ പ്രയാസമേറിയ ഒന്നാണ്. കോഹ്ലി ഭംഗിയായി നിർവഹിക്കുന്നുണ്ട് ഇക്കാര്യങ്ങൾ എല്ലാം. പക്ഷേ ഇതെല്ലാം കോഹ്ലിക്കും മതിയാകുന്ന ഒരു കാലം വിദൂരമല്ല “മോറെ മുന്നറിയിപ്പ് നൽകി.
അതേസമയം വരാനിരിക്കുന്ന കിവീസിനെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായിട്ടുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് സംഘം.കോഹ്ലി നയിക്കുന്ന ഇന്ത്യൻ സ്‌ക്വാഡിലെ എല്ലാ താരങ്ങളും, കോച്ചിംഗ് സ്റ്റാഫുകളും എല്ലാം മുംബൈയിൽ ക്വാറന്റൈനിൽ തുടരുകയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം ഇംഗ്ലണ്ടനെതിരായ നിർണായക ടെസ്റ്റ് പരമ്പരയും ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നുണ്ട്.