ഇന്ത്യയുടെ മൂന്നാം നിര ടീമും ജയിക്കും : ഇന്ത്യൻ ടീമിന്റെ യുവനിര ശക്തമാണ്

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ യുവതാരങ്ങൾ എല്ലാം കിട്ടുന്ന അവസരങ്ങളെല്ലാം പരമാവധി ഉപയോഗപെടുത്തി മിന്നും പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. അവസാന കുറച്ച് പരമ്പരകളിൽ ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറിയ സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ,പ്രസീദ് കൃഷ്ണ എന്നിവരുടെ തിളക്കമാർന്ന പ്രകടനം തന്നെ ഇതിന് ഉത്തമ ഉദാഹരണം. സീനിയർ താരങ്ങൾക്കൊപ്പം അവസരം ലഭിക്കുന്ന യുവ പ്രതിഭകളും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നത് ക്രിക്കറ്റ്‌ ലോകത്തും വളരെ വലിയ ചർച്ചയാണ്.മുൻപ് ഏതാനും ചില മുൻ താരങ്ങളും ഇന്ത്യൻ ടീമിന്റെ ഭാവി ഇത്തരം താരങ്ങളിൽ സുരക്ഷിതമെന്ന് തുറന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരിൽ സജീവ ചർച്ചയാകുന്നത് വരാനിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനത്തിൽ ഏതൊക്കെ പുതുമുഖ താരങ്ങൾ ടീമിൽ ഇടം നേടുമെന്നതാണ്. കോഹ്ലി അടക്കം മുൻനിര താരങ്ങൾ ഇംഗ്ലണ്ടിൽ പരമ്പര കളിക്കുന്ന സാഹചര്യത്തിൽ പുതുമുഖ താരങ്ങൾക്കും ഒപ്പം യുവതാരങ്ങളായ സഞ്ജു സാംസണടക്കം ഉറപ്പായും അവസരം ലഭിക്കും എന്നാണ് സൂചന. ലങ്കൻ പര്യടനത്തിൽ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ മുഖ്യ കോച്ചായി അയക്കുവാനും ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ പദ്ധതിയിടുന്നുണ്ട്.

ഇക്കാര്യത്തിൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ അഭിനന്ദിക്കുവാണ് മുൻ പാക് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കമ്രാൻ അക്മൽ. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കാവെയാണ് താരം ഇപ്രകാരം പറഞ്ഞത് “ഇന്ത്യൻ ടീമിന്റെ യുവനിര ശക്തമാണ്. വളരെ ഏറെ കഴിവുള്ള യുവ പ്രതിഭകളാണ് ഇന്ത്യൻ സംഘത്തിലുള്ളത്. ഒരേസമയം അവർ ഇംഗ്ലണ്ടിലും ഒപ്പം ലങ്കയിലും കളിക്കുവാൻ പോകുന്നു. അത് അവരുടെ കരുത്താണ്. ഒരേസമയം മൂന്ന് ടീമുകളെ വരെ അയക്കുവാൻ ഇന്ത്യൻ ടീമിന് കഴിയും “അക്മൽ വാചാലനായി.

ഇപ്പോൾ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കളിക്കുവാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ സംഘം മുഴുവൻ മുംബൈയിൽ ക്വാറന്റൈനിലാണ്.വരുന്ന ജൂലൈയിൽ ആരംഭിക്കുന്ന ലങ്കൻ പര്യടനത്തിൽ ഏകദിന പരമ്പരയും ഒപ്പം ടി :20 പരമ്പരയും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കളിക്കും. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ ശിഖർ ധവാനോ ഹാർദിക് പാണ്ട്യയോ വരുന്ന ലിമിറ്റഡ് ഓവർ പരമ്പരയിൽ നയിക്കും എന്നാണ് സൂചന.