ലീഡ്സ് ക്രിക്കറ്റ് ഇംഗ്ലണ്ട് ടീമിനോട് വഴങ്ങിയ ഇന്നിങ്സ് തോൽവിയുടെ പൂർണ്ണ നിരാശയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരും ഒപ്പം നായകൻ വിരാട് കോഹ്ലിയും. ലോർഡ്‌സ് ടെസ്റ്റിലെ ചരിത്ര ജയത്തിന് പിന്നാലെ ലീഡ്സിൽ ഇത്തരം ഒരു നാണംകെട്ട തോൽവി ഇന്ത്യൻ ടീമും പ്രതീക്ഷിച്ചില്ല. ലീഡ്സിൽ ഇംഗ്ലണ്ട് ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും പൂർണ്ണമായി വിരാട് കോഹ്ലിക്കും ടീമിനും എതിരെ ആധിപത്യം പുലർത്തിയപ്പോൾ വളരെ നാണംകെട്ട ഇന്നിങ്സ് തോൽവിയാണ് പിറന്നത്. വിരാട് കോഹ്ലിയുടെ ടെസ്റ്റ് നായകത്വത്തിൽ രണ്ടാം തവണയാണ് ഇന്നിങ്സ് തോൽവി ഇന്ത്യൻ ക്രിക്കറ്റ് ടീം വഴങ്ങിയത്. എന്നാൽ തോൽവിക്കുള്ള പ്രധാന കാരണമായി മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും അടക്കം തുറന്ന് പറയുന്നത് ഇന്ത്യൻ ബാറ്റിങ് നിരയുടെ വീഴ്ചയാണ്. മിഡിൽ ഓർഡറിൽ വീണ്ടും പരാജയമായി മാറുന്ന രഹാനെ, വിരാട് കോഹ്ലി എന്നിവർക്കെതിരെയാണ് രൂക്ഷ വിമർശനം ഉയരുന്നത്.
അതേസമയം ഇന്ത്യൻ ബാറ്റിങ് നിരയിൽ പൂർണ്ണമായ മാറ്റം വരണമെന്ന് ആവശ്യം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിലീപ് വേങ്സാർക്കർ. ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ സൂര്യകുമാർ യാദവ് കൂടി വൈകാതെ ഇടം നേടണമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യൻ ബാറ്റിങ് നിര ഉടനടി ഫോമിൽ എത്തണം എന്നും ആവശ്യപ്പെടുന്ന വേങ്സാർക്കർ അടുത്ത ടെസ്റ്റിൽ സൂര്യകുമാർ യാദവ് കളിച്ചില്ലേൽ അതാകും കനത്ത തിരിച്ചടി എന്നും അഭിപ്രായപെടുന്നു അടുത്ത 2 ടെസ്റ്റിലും സൂര്യകുമാർ യാദവിനെയും ഉൾപ്പെടുത്തി ആറ് ബാറ്റ്‌സ്മാന്മാരെ കളിപ്പിക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തയ്യാറാവണം എന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
“ഇന്ത്യൻ ബാറ്റിങ് നിര ഇനിയും വളരെ ഏറെ ശക്തമായി മുൻപോട്ട് പോകണം എന്നാണ് എന്റെ വിശ്വാസം.ഇന്ത്യൻ ടീം ഇന്ന് നേരിടുന്ന എല്ലാ പ്രതിസന്ധികളെ നേരിടുവാനും സൂര്യകുമാർ യാദവിന്റെ വരവോടെ സാധിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.ഹനുമാ വിഹരിക്കും മുൻപായി സൂര്യകുമാർ യാദവിന് അവസരം ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. കൂടാതെ ഇന്ത്യൻ ടീമിന് കരുത്തായി മാറുവാൻ സൂര്യക്കുമാറിന് സാധിക്കും. ഭാവിയിൽ ഇന്ത്യയിലെ എല്ലാ പ്രമുഖ ബാറ്റ്‌സ്മാന്മാരുടെയും റേഞ്ചിൽ എത്താൻ അവന് സാധിക്കും “ദിലീപ് വേങ്സാർക്കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.