ഐപിഎൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ പന്തിന് ഉപദേശവുമായി മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി രംഗത്ത്. വെസ്റ്റിൻഡീസ് താരം റസലിൻ്റെ മാതൃക പിന്തുടർന്ന് മത്സരത്തിൻ്റെ തുടക്കം മുതൽ ആക്രമിച്ചു കളിക്കുക എന്ന ശൈലിയാണ് പന്ത് ഇനി മുതൽ തുടരേണ്ടത് എന്ന ശാസ്ത്രി ഉപദേശിച്ചു.
ഈ സീസണിൽ ഇതുവരെ മികച്ച ഒരു പ്രകടനം കണ്ടെത്തുവാൻ പന്തിന് സാധിച്ചിട്ടില്ല. 10 കളികളിൽനിന്ന് 281 റൺസ് മാത്രമാണ് താരത്തിൻ്റെ ഇതുവരെയുള്ള സമ്പാദ്യം. രവി ശാസ്ത്രിയുടെ വാക്കുകൾ വായിക്കാം..
“താളം കണ്ടെത്താനായാൽ, പിന്നീടു ഋഷഭ് പന്ത് ബാറ്റിങ്ങിന്റെ വേഗം കുറയ്ക്കരുതെന്നാണ് എന്റെ പക്ഷം. ആന്ദ്രെ റസ്സൽ മാതൃകയിലായിരിക്കണം പിന്നെ പന്ത്.ബോളിന്റെ ചലനം കൃത്യമായി മനസ്സിലാക്കാനും കൃത്യമായി അടിച്ചകറ്റാനും സാധിച്ചാൽ, പിന്നീട് കാര്യമായി ഒന്നും ആലോചിക്കേണ്ടതില്ല. ബോളർ ആരാണെന്നു നോക്കേണ്ടതില്ല, ബോൾ അടിച്ചകറ്റാനുള്ളതാണെങ്കിൽ അടിച്ചകറ്റുകതന്നെ ചെയ്യുക.
അങ്ങനെയെങ്കിൽ അപ്രതീക്ഷിത മത്സരങ്ങളിൽ പോലും നിങ്ങൾക്കു ടീമിനെ വിജയിപ്പിക്കാൻ കഴിഞ്ഞേക്കും.
എന്താണു ചെയ്യേണ്ടതെന്ന കാര്യത്തിൽ കൃത്യമായ ധാരണ വച്ചുപുലർത്തുന്ന ആളാണു റസ്സൽ, അടി തുടങ്ങിയാൽ പിന്നെ നിർത്തുന്ന പ്രശ്നമേയില്ല.
റസ്സലിനെ പിന്നെ ആർക്കും തടഞ്ഞുനിർത്താനുമാകില്ല.
ബോൾ അടിച്ചകറ്റുന്നതിൽനിന്ന് റസ്സൽ ഒരിക്കലും ഉൾവലിയുകയുമില്ല.
അതേ ശൈലിയിൽ കളിക്കാൻ പ്രതിഭയുള്ള താരമാണു പന്ത്. പന്തിന്റെ ചിന്തയും ഇത്തരത്തിൽത്തന്നെയാണെന്നാണു ഞാൻ വിശ്വസിക്കുന്നത്. ട്വന്റി20 ക്രിക്കറ്റിൽ പന്തിന്റെ ചില സവിശേഷ ഇന്നിങ്സുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.”- രവി ശാസ്ത്രി പറഞ്ഞു.