ഇന്ത്യൻ ക്രിക്കറ്റ് ലോകവും ഒപ്പം ക്രിക്കറ്റ് പ്രേമികളും കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ ഏറെ ചർച്ച ചെയ്തത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് എത്തുമോയെന്നതിലാണ്. നിലവിൽ ടീം ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ യുവ നിരക്ക് ഒപ്പം ശ്രീലങ്കയിൽ മുഖ്യ പരിശീലകനായി എത്തിയ ദ്രാവിഡ് അധികം വൈകാതെ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം കോച്ചായിയെത്തുമെന്നാണ് ആരാധകർ പലരും അഭിപ്രായപെടുന്നത്. ഇന്ത്യയുടെ ഇപ്പോഴത്തെ പരിശീലകൻ രവി ശാസ്ത്രി അധികം വൈകാതെ പുറത്തേക്ക് പോകും എന്നാണ് പല ആരാധകരുടെയും വാദം.
എന്നാൽ ഈ പരമ്പരക്ക് ശേഷം ദ്രാവിഡ് തിരികെ നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാൻ സ്ഥാനത്തേക്ക് പോകുവാൻ തന്നെയാണ് സാധ്യതകൾ എന്നാണ് പല മുൻ ക്രിക്കറ്റ് താരങ്ങളും ഇപ്പോൾ തുറന്ന് പറയുന്നത്.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ ഇനിയും ഏറെ കാലവും നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ ചെയർമാൻ സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരണമെന്ന് അഭിപ്രായപെട്ടപ്പോൾ ഈ വിഷയത്തിൽ തന്റെ നയം വിശദമാക്കി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. രാഹുൽ ദ്രാവിഡ് ടീമിന്റെ സ്ഥിരം കോച്ചായി എത്തുവാനുള്ള സാധ്യതകൾ തള്ളുന്ന ആകാശ് ചോപ്ര രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് തുടരുമെന്നും പ്രവചിച്ചു.
“രാഹുൽ ദ്രാവിഡ് ലങ്കൻ പര്യടനത്തിൽ ടീം ഇന്ത്യയുടെ കോച്ചായി എത്തിയത് എങ്ങനെ എന്ന് നമുക്ക് എല്ലാം അറിയാം. അദ്ദേഹം ടീമിന്റെ സ്ഥിരം കോച്ചായി മാറും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇന്ത്യൻ ടീമിന്റെ പരിശീലക കുപ്പായത്തിൽ രവി ശാസ്ത്രി തുടരുവാനാണ് സാധ്യതകൾ എല്ലാം. രാഹുൽ ദ്രാവിഡ് ടീമിന്റെ സ്ഥിരം പരിശീലകനായി എത്തുവാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ ഒരു മത്സരത്തിനുള്ള സാധ്യതയും ഞാൻ കാണുന്നുള്ളൂ.നിലവിലെ സാഹചര്യത്തിൽ അതിനുള്ള ചാൻസ് കുറവാണ്. വലിയ തരം വെല്ലുവിളികൾ ഇല്ലാതെ തന്നെ രവി ശാസ്ത്രി സ്ഥാനം നിലനിർത്തുവാനാണ് പോകുന്നത് “ആകാശ് ചോപ്ര അഭിപ്രായം വിശദമാക്കി.