ഇന്ത്യൻ ക്രിക്കറ്റ് ടീം എക്കാലത്തും യുവ പ്രതിഭകളാലും ഒപ്പം കഴിവുറ്റ മികച്ച നായകന്മാരാലും സമ്പന്നനമാണ്. ഒരു പക്ഷേ പ്രതിഭകളുടെ ധാരാളിത്തമാണ് ടീം ഇന്ത്യ നേരിടുന്ന ഒരു പ്രശ്നമെന്ന് തുറന്ന് പറയാം.ഇന്ത്യൻ ടീമിനെ മൂന്ന് ക്രിക്കറ്റ് ഫോർമാറ്റിലും ഇപ്പോൾ നയിക്കുന്നത് വിരാട് കോഹ്ലിയാണ്. കോഹ്ലി യുഗത്തിന് ശേഷം ആരാകും ഇന്ത്യൻ നായകനെന്ന് പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരവും മുൻ സെലക്ഷൻ കമ്മിറ്റി ചീഫ് സെലക്ടർ കൂടിയായിരുന്ന കിരൺ മോറെ.വിരാട് കോഹ്ലിക്ക് ശേഷം യുവതാരം ഇന്ത്യൻ ടീമിനെ ശക്തമായി നയിക്കുമെന്നാണ് കിരൺ മോറെയുടെ അഭിപ്രായം.
“ഭാവിയിൽ ഉറപ്പായും ഇന്ത്യൻ ടീമിനെ നയിക്കുവാനുള്ള കഴിവ് റിഷാബ് പന്തിൽ നമുക്ക് ഇപ്പോൾ തന്നെ കാണാം. വിക്കറ്റ് പിന്നിൽ നിന്ന് പോലും വളരെ ഷാർപ്പ് ചിന്താഗതികളുള്ള താരമാണ് പന്ത്. ഒപ്പം ടീമിനായി എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കണം എന്നൊരു മനസ്സും അവനിലുണ്ട്.ഇന്ത്യൻ ടീമിൽ ഒരു താരം എന്നനിലയിലും ഒട്ടേറെ നേട്ടങ്ങൾ സ്വന്തം പേരിലാക്കുവാൻ റിഷാബിന് കഴിയും. പക്ഷേ കരിയറിൽ അദ്ദേഹം അച്ചടക്കം കാത്തുസൂക്ഷിക്കുന്നതും പ്രധാനമാണ് ” കിരൺ മോറെ അഭിപ്രായം വിശദമാക്കി.
കരിയറിൽ റിഷാബ് പന്ത് അച്ചടക്കം വളരെ നിലനിർത്തണം എന്ന് പറഞ്ഞ മോറെ കരിയറിൽ അദ്ദേഹം കടന്നുപോയ ഉയർച്ച താഴ്ചകളെ കുറിച്ചും വളരെ വാചാലനായി. “കരിയറിൽ അനവധി ഉയർച്ചകളും ഒപ്പം താഴ്ചകളും റിഷാബ് പന്ത് കണ്ടുകഴിഞ്ഞു.2019ലെ ഏകദിന ലോകക്കപ്പിൽ ഇടം കിട്ടാതിരുന്ന പന്ത് വൈകാതെ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽനിന്നും പുറത്തായി.ഒരിക്കൽ ടീം ഇന്ത്യയിൽ നിന്നും പുറത്തായാൽ വീണ്ടും തിരിച്ചുവരവ് അത്ര എളുപ്പമല്ല. അതാണ് റിഷാബ് പന്തിന്റെ മികവും. ടീമിൽ നിന്നും പുറത്തായിട്ടും അയാൾ മാനസികമായും ഒട്ടും തളർന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭാവിയിൽ നയിക്കുവാനും ഈ കരുത്ത് ധാരാളം “മുൻ ഇന്ത്യൻ താരം അഭിപ്രായം പറഞ്ഞുനിർത്തി.