അഫ്ഗാനിസ്ഥാന്‍റെ മധ്യനിര ബാറ്റസ്മാനും മുന്‍ ക്യാപ്റ്റനുമായ അഷ്ഗര്‍ അഫ്ഗാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. നമീബിയക്കെതിരെ നടക്കുന്ന പോരാട്ടത്തോടെയാണ് മുന്‍ ക്യാപ്റ്റന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിട പറയുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ അഫ്ഗാന്‍റെ ഉയര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളില്‍ ഒരാളാണ് അഷ്ഗര്‍ അഫ്ഗാന്‍. 33 വയസ്സുകാരനായ താരം രാജ്യത്തിനു വേണ്ടി 6 ടെസ്റ്റ്, 114 ഏകദിനം, 74 ടി20 എന്നിവ കളിച്ചു. ഇത്രയും മത്സരങ്ങളില്‍ 4215 റണ്‍സ് നേടുകയും 115 മത്സരങ്ങളില്‍ ടീമിനെ നയിക്കുകയും ചെയ്തു. 2009 ല്‍ സ്കോട്ടലെന്‍റിനെതിരെയാണ് അരങ്ങേറ്റം നടത്തിയത്.
ടൂര്‍ണമെന്‍റിന്‍റെ മധ്യത്തിലാണ് അഷ്ഗര്‍ അഫ്ഗാന്‍റെ വിടവാങ്ങല്‍. ആദ്യ മത്സരത്തില്‍ സ്കോട്ടലെന്‍റിനെ 130 റണ്‍സിനു തോല്‍പ്പിച്ചാണ് അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്‍റ് തുടങ്ങിയത്. എന്നാല്‍ പാക്കിസ്ഥാനെതിരെ അടുത്ത മത്സരത്തില്‍ തോല്‍വി വഴങ്ങി. നമീബിയ, ഇന്ത്യ, ന്യൂസിലന്‍റ് എന്നീ ടീമുകള്‍ക്കെതിരെയാണ് അടുത്ത മത്സരങ്ങള്‍.