” നട്ടെല്ലിലാത്ത കൂട്ടര്‍ ” ഷമിക്ക് 200 ശതമാനം പിന്തുണ.

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപത്തിന് വിധേയനായ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടീം തോറ്റതിന് മുഹമ്മദ് ഷമിയുടെ മതവിശ്വാസത്തെ അടിസ്ഥാനമാക്കി ട്രോളുകൾ സൃഷ്ടിച്ചത് ‘നട്ടെല്ലില്ലാത്ത’ പരിപാടിയാണെന്ന് കോഹ്ലി വിമർശിച്ചു. ന്യൂസിലന്‍റിനെതിരായ മത്സരത്തിനു മുന്നോടിയായാണ് വീരാട് കോഹ്ലി പിന്തുണ പ്രഖ്യാപിച്ചത്.

‘ഞങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിന് കാരണമുണ്ട്, ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാന്‍ ധൈര്യമില്ലത്ത, സോഷ്യല്‍ മീഡിയയിലെ നട്ടെല്ലില്ലാത്ത ചില ആളുകളല്ല ഞങ്ങള്‍. അവര്‍ തങ്ങളുടെ ഐഡന്റിറ്റിക്ക് പിന്നില്‍ ഒളിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ പിന്തുടരുകയും ആളുകളെ കളിയാക്കുകയും ചെയ്യുന്നു, അത് ഇന്നത്തെ ലോകത്ത് ഒരു സാമൂഹിക വിനോദമായി മാറിയിരിക്കുന്നു, ഇത് വളരെ നിര്‍ഭാഗ്യകരവും സങ്കടകരവുമാണ്,’ ന്യൂസിലന്‍ഡിന് എതിരായ ഞായറാഴ്ചത്തെ മത്സരത്തിനു മുന്നോടിയായി ദുബായിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോഹ്ലി പറഞ്ഞു.

ഇത്തരത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ കാണുന്നത് ഒരു മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും ദയനീയമായ അവസ്ഥയാണെന്നും കോഹ്ലി ചൂണ്ടിക്കാട്ടി. മുഹമ്മദ് ഷമിക്ക് തന്റെയും ടീമിന്റെയും 200 ശതമാനം പിന്തുണയുണ്ടെന്നും കോഹ്ലി പ്രഖ്യാപിച്ചു.

പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങിയിരുന്നു. മത്സരത്തില്‍ 44 റണ്‍സാണ് ഷമി വഴങ്ങിയത്.