കിവീസിന് എതിരായ ടെസ്റ്റ് പരമ്പര ജയം വളരെ ആത്മവിശ്വാസമാണ് ഇന്ത്യന്‍ ടീമിനു നല്‍കിയിരിക്കുന്നത്. വരാനിരിക്കുന്ന സൗത്താഫ്രിക്കൻ പര്യടനം വളരെ ഏറെ വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ് ടീം ഇന്ത്യക്ക് മുൻപിൽ സൃഷ്ടിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ തോൽവിയെ കുറിച്ച് ചിന്തിക്കാൻ പോലും ടീം ഇന്ത്യക്ക് കഴിയില്ല.
അതേസമയം ഇംഗ്ലണ്ട്, ഓസ്ട്രേലിയ മണ്ണുകളിൽ അവസാനം കളിച്ച ടെസ്റ്റ് പരമ്പരകൾ എല്ലാം ജയിച്ച ആത്മവിശ്വാസം ഇന്ത്യൻ ടീമിനുണ്ട്. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം സൗത്താഫ്രിക്കൻ ടീം പ്രഖ്യാപിച്ചെങ്കിലും ഇന്ത്യൻ സ്‌ക്വാഡിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.
എന്നാൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർക്ക് എല്ലാം ആശങ്കകൾ സമ്മാനിക്കുന്ന ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്ക് പിടിപെട്ട ചില താരങ്ങളുടെ ഫിറ്റ്നസ് കാര്യത്തിലാണ് ചില സംശയങ്ങൾ ഉയരുന്നത്.
ഡിസംബർ 26ന് ആദ്യത്തെ ടെസ്റ്റൊടെ ആരംഭിക്കുന്ന സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും പരിക്ക് കാരണം മൂന്ന് സുപ്രധാന താരങ്ങൾക്ക് കൂടി സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. കാൻപൂർ ടെസ്റ്റിൽ പരിക്കേറ്റ ഇഷാന്ത് ശർമ, രവീന്ദ്ര ജഡേജ മുംബൈ ടെസ്റ്റ് മത്സരത്തിൽ പരിക്കേറ്റ ശുഭ്മാൻ ഗിൽ എന്നിവരുടെ കാര്യത്തിലാണ് ആശങ്ക പടരുന്നത്. ഇരുവരുടെയും ഫിറ്റ്നസ് വിഷയത്തിൽ ചർച്ചകൾ നടത്തുകയാണ്.
യുവ താരം ശുഭ്മാൻ ഗിൽ പരിക്ക് കാരണം നേരത്തെ ഇംഗ്ലണ്ടിന് എതിരെ നടന്ന പരമ്പരക്കിടയിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു.ഇഷാന്ത് ശർമ്മയുടെ സേവനവും നഷ്ടമാകുന്നത് ഇന്ത്യൻ ടീം ക്യാമ്പിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. വിശ്രമത്തിന് ശേഷം രോഹിത് ശർമ്മ, ലോകേഷ് രാഹുൽ എന്നിവർ സൗത്താഫ്രിക്കൻ ടെസ്റ്റ് പരമ്പരക്കായി സ്‌ക്വാഡിലേക്ക് തിരികെ വരുന്നത് ആശ്വാസ വാർത്തയാണ്.