പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഒരു തകർപ്പൻ ട്രിപിൾ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് താരം ഹാരീ ബ്രൂക്ക് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപിൾ സെഞ്ച്വറി നേടുന്ന ആറാമത്തെ ഇംഗ്ലണ്ട് ബാറ്ററായി ഹാരി ബ്രുക്ക് മാറുകയുണ്ടായി. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ ട്രിപിൾ സെഞ്ച്വറി നേടുന്ന രണ്ടാം താരമായി ഹാരി ബ്രൂക്ക് മാറിയിട്ടുണ്ട്. ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുള്ള 4 ബാറ്റർമാരെ നമുക്ക് പരിശോധിക്കാം.
1. വിരേന്ദർ സേവാഗ്
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയിൽ ട്രിപിൾ സെഞ്ച്വറി നേടിയ ബാറ്റർ എന്ന റെക്കോർഡ് ഇന്ത്യൻ മുൻതാരം വീരേന്ദർ സേവാഗിന്റെ പേരിലാണ്. 2008ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ കേവലം 278 പന്തുകളിൽ നിന്നായിരുന്നു സേവാഗ് തന്റെ ട്രിപിൾ സെഞ്ച്വറി സ്വന്തമാക്കിയത്. ശേഷം ഒരു വർഷത്തിനപ്പുറം സേവാഗ് മറ്റൊരു ട്രിപിൾ സെഞ്ചുറിയ്ക്ക് അടുത്തെത്തിയിരുന്നു. എന്നാൽ കേവലം 7 റൺസിന് സേവാഗിന് തന്റെ മൂന്നാം ട്രിപിൾ സെഞ്ച്വറി നഷ്ടമാവുകയാണ് ഉണ്ടായത്. അന്ന് മത്സരത്തിൽ 254 പന്തുകളിൽ 294 റൺസാണ് സേവാഗ് സ്വന്തമാക്കിയത്.
2. ഹാരി ബ്രൂക്ക്
ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ ഏറ്റവും വേഗതയേറിയ ട്രിപിൾ സെഞ്ച്വറിയാണ് ഹാരി ബ്രൂക്ക് പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത്. 310 പന്തുകളിൽ നിന്നാണ് ബ്രൂക്ക് ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ ലാറയുടെ 400 റൺസ് എന്ന എന്ന റെക്കോർഡ് മറികടക്കാനുള്ള അവസരം ബ്രൂക്കിന് ഉണ്ടായിരുന്നു. എന്നാൽ 322 പന്തുകളിൽ 317 റൺസ് നേടി ബ്രുക്ക് പുറത്താവുകയാണ് ഉണ്ടായത്. ഇതിന് ശേഷമാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.
3. ഹേമണ്ട്
ഒരു ബാറ്ററുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപിൾ സെഞ്ച്വറി എന്ന റെക്കോർഡ് 75 വർഷത്തോളം തന്റെ പേരിൽ ചേർത്ത മുൻ ഇംഗ്ലണ്ട് താരമാണ് ഹേമണ്ട്. 1933ൽ ന്യൂസിലാൻഡിനെതിരെ 355 പന്തുകളിൽ നിന്നായിരുന്നു താരം ഹേമണ്ട് ട്രിപ്പിൾ സെഞ്ച്വറി സ്വന്തമാക്കിയത്. ഹേമണ്ടിന് ശേഷം പല ബാറ്റർമാരും ട്രിപ്പിൾ സെഞ്ച്വറി സ്വന്തമാക്കിയെങ്കിലും, അത്രവേഗത്തിൽ സ്വന്തമാക്കുന്നതിൽ പരാജയപ്പെട്ടു. 2008ലാണ് ഹേമണ്ടിന്റെ ഈ റെക്കോർഡ് ഭേദിക്കപ്പെട്ടത്.
4. മാത്യു ഹെയ്ഡൻ
ഓസ്ട്രേലിയയുടെ മുൻ വെടിക്കെട്ട് താരം മാത്യു ഹെയ്ഡനാണ് അതിവേഗത്തിൽ ട്രിപിൾ സെഞ്ച്വറി നേടിയ മറ്റൊരു താരം. 2003ൽ സിംബാബ്ക്കെതിരെയാണ് ഹെയ്ഡ്ന്റെ തകർപ്പൻ ട്രിപിൾ സെഞ്ച്വറി പിറന്നത്. മത്സരത്തിൽ 362 പന്തുകളിൽ നിന്നാണ് ഹെയ്ഡൻ ട്രിപ്പിൾ സെഞ്ച്വറി സ്വന്തമാക്കിയത്. 400 റൺസ് സ്വന്തമാക്കാനുള്ള വലിയ അവസരം ഹെയ്ഡന് കൈവന്നിരുന്നു. എന്നാൽ 380 റൺസിൽ ഹെയ്ഡൻ മത്സരത്തിൽ പുറത്തായി. മത്സരത്തിൽ ഒരു ഇന്നിങ്സിനും 175 റൺസിനുമാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്.