ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ തന്ത്രങ്ങള്‍ പാളി പോയി. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഓസ്ട്രേലിയ ആദ്യ ദിനം അവസാനിച്ചപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡും (146) സ്റ്റീവന്‍ സ്മിത്തുമാണ് (95) ക്രീസില്‍.
ആദ്യ ദിനം തന്നെ ഇന്ത്യ പതറിയതോടെ ഏറെ വിമര്‍ശനങ്ങളാണ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മ നേരിടുന്നത്. മുന്‍ താരങ്ങള്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ രോഹിത് ശര്‍മ്മയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
അശ്വിനെ പുറത്തിരുത്തിയത് വന്‍ പിഴവ്
ലോക ഒന്നാം നമ്പര്‍ ബോളറായ അശ്വിനെ പുറത്തിരുത്തിയാണ് ഇന്ത്യ ഫൈനലിനിറങ്ങിയത്. പിച്ച് പേസ് ബൗളിംഗിന് അനുകൂലമാകും എന്ന കാരണമായിരുന്നു അശ്വിനെ ഒഴിവാക്കിയതിനു പിന്നില്‍. എന്നാല്‍ ഇത് വലിയ തെറ്റാണ് എന്നാണ് പലരും ചൂണ്ടികാട്ടുന്നത്.
അശ്വിനെ പോലൊരു താരത്തെ കളിപ്പിക്കാന്‍ പിച്ച് നോക്കണ്ട കാര്യമില്ലാ എന്നാണ് സുനില്‍ ഗവാസ്കര്‍ പറഞ്ഞത്. മത്സരം പുരോഗമിക്കുമ്പോള്‍ പിച്ചില്‍ ടേണ്‍ ഉണ്ടാകും എന്ന് റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു. ടീമില്‍ ഒരുപാട് ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ ഇരിക്കേ ഇന്ത്യയില്‍ നിന്നും വലിയ തെറ്റ് സംഭവിച്ചതായി മുന്‍ ഓസ്ട്രേലിയന്‍ താരം അഭിപ്രായപ്പെട്ടു.
ആക്രമണ മനോഭാവം എവിടെ ?
76 ന് 3 എന്ന നിലയില്‍ നിന്നുമാണ് ഓസ്ട്രേലിയ 300 നു മുകളിലേക്ക് എത്തിയത്. നാലാം വിക്കറ്റിലെ 200 റണ്‍ കൂട്ടുകെട്ട് ഇന്ത്യന്‍ ടീമിന്‍റെ മനോഭാവത്തെയും ചോദ്യം ചെയ്തു. വളരെ അനായാസകരമായാണ് ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്തിയത്. രോഹിത് ശര്‍മ്മയുടെ പ്രതിരോധ ശൈലിയും ഇതിനു കാരണമായി മാറി.
കമന്‍ററിയില്‍ ദിനേശ് കാര്‍ത്തിക്, വിരാട് കോഹ്ലി ക്യാപ്റ്റനായിരുന്നപ്പോഴുള്ള കാര്യം ചൂണ്ടികാട്ടി. ”വിരാട് കോഹ്ലി ക്യാപ്റ്റനായിരുന്നപ്പോള്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്‍റെ എനര്‍ജി ഉപയോഗിച്ച്, ടീമിനെ ഉയര്‍ത്തുകയും, കാണികളെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു ”
രോഹിത് ശര്‍മ്മക്കെതിരെ ധാരാളം ട്രോളുകളാണ് ഉയരുന്നത്. കുറേ നാളുകള്‍ക്ക് ശേഷം ഒരു ഉറക്കം തൂങ്ങിയുള്ള ടെസ്റ്റ് മത്സരം കണ്ടു എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ഇതേ ഓസ്ട്രേലിയക്കെതിരെ നടരാജനെയും, സുന്ദറിനെയും ടാക്കൂറിനെയും വച്ച് രഹാന നല്ല ക്യാപ്റ്റന്‍സി നടത്തി എന്നായിരുന്നു മറ്റൊരു ആരാധകന്‍ ചൂണ്ടികാട്ടിയിരിക്കുന്നത്.