ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കണ്ടത് സൂര്യകുമാറിന്റെ ഒരു ഹീറോയിസം തന്നെയായിരുന്നു. ബാംഗ്ലൂർ മുൻപിലേക്ക് വെച്ച 200 എന്ന വിജയലക്ഷ്യം അനായാസം മുംബൈ മറികടക്കാൻ കാരണം സൂര്യകുമാറിന്റെ ബാറ്റിംഗാണ്. മത്സരത്തിൽ 35 പന്തുകളിൽ 83 റൺസായിരുന്നു സൂര്യ നേടിയത്. ഇന്നിംഗ്സിൽ ഏഴു ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. ഇത്തവണത്തെ ഐപിഎല്ലിൽ സ്ഥിരമായി വെടിക്കെട്ട് തീർക്കാൻ സാധിക്കുന്നില്ലെങ്കിലും ലഭിച്ച അവസരങ്ങൾ സൂര്യകുമാർ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. തന്റെ മികച്ച ഫോമിലേക്ക് എത്തിയാൽ സൂര്യകുമാറിനെ പിടിച്ചുകെട്ടുക എന്നത് അസാധ്യമാണ് എന്നായിരുന്നു ബാംഗ്ലൂർ നായകൻ ഡുപ്ലെസി മത്സരത്തിനു ശേഷം പറഞ്ഞത്.
“സൂര്യകുമാർ ട്വന്റി20 ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ്. അതിനാൽതന്നെ അദ്ദേഹത്തെ തടയുക എന്നത് ശ്രമകരമായ കാര്യമാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അയാൾ. അയാൾ ഫോമിലെത്തിയാൽ ബോളർമാർക്ക് വലിയ ബുദ്ധിമുട്ട് തന്നെയാണ്. ക്രീസിൽ സൂര്യകുമാർ യാദവിന് ഒരുപാട് ഓപ്ഷനുകളുണ്ട്. അതിനാൽ തന്നെ അവനെ തടയുക എന്നത് ഏതൊരു ബോളിംഗ് യൂണിറ്റിനും വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെയാണ് ആധുനികകാലത്തെ മികച്ച ബാറ്റർമാരിൽ ഒരാളായി സൂര്യ ഇപ്പോഴും നിൽക്കുന്നത്.”- ഡുപ്ലസി പറഞ്ഞു.
ഇതോടൊപ്പം മത്സരത്തിൽ ബാംഗ്ലൂരിന്റെ പരാജയത്തെപ്പറ്റി ഡുപ്ലെസി സംസാരിക്കുകയുണ്ടായി. “ഞങ്ങൾ നേടിയ റൺസ് കുറവായിരുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഏകദേശം 20 റൺസെങ്കിലും കുറവ് മാത്രമാണ് ഞങ്ങൾക്ക് നേടാൻ സാധിച്ചത്. ഈ സീസണിലെ ഇതുവരെയുള്ള പിച്ചുകളും മുംബൈയുടെ ശക്തമായ ബാറ്റിംഗ് ലൈനപ്പും നോക്കിയാൽ അവർക്ക് 220 റൺസിന് താഴെയുള്ള ഏത് സ്കോറും മറികടക്കാൻ സാധിക്കും. അവർ അത്ര ശക്തമായ ടീമാണ്. മാത്രമല്ല മത്സരത്തിൽ ബാറ്റിംഗിൽ അവസാന 5 ഓവറുകൾ വേണ്ട രീതിയിൽ മുതലാക്കാനും ഞങ്ങൾക്ക് സാധിച്ചില്ല.”- ഡുപ്ലെസി കൂട്ടിച്ചേർത്തു.
മത്സരത്തിൽ ബാംഗ്ലൂരിനായി ഡുപ്ലെസിയും മാക്സ്വെല്ലുമായിരുന്നു അടിച്ചുതകർത്തത്. മത്സരത്തിൽ ഡുപ്ലെസി 65 റൺസും, മാക്സ്വെൽ 68 റൺസും നേടുകയുണ്ടായി. മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തന്നെ മുംബൈയ്ക്ക് ഇഷാൻ കിഷനെയും രോഹിത് ശർമയേയും നഷ്ടമായെങ്കിലും, മൂന്നാം വിക്കറ്റിൽ 140 റൺസിന്റെ കൂട്ടുകെട്ട് സൂര്യകുമാറും വധീരയും ചേർന്ന് കെട്ടിപ്പടുക്കുകയായിരുന്നു. മത്സരത്തിൽ ആറ് വിക്കറ്റുകൾക്കാണ് മുംബൈ വിജയം കണ്ടത്. ഇതോടെ പോയിന്റ്സ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്താൻ മുംബൈയ്ക്ക് സാധിച്ചിട്ടുണ്ട്.