ഫെബ്രുവരി 9 നാണ് ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫി ആരംഭിക്കുന്നത്. നാഗ്പൂരില്‍ നടക്കുന്ന ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയുടെ ഒരു തലവേദനയാണ് ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മക്കൊപ്പം ആര് എത്തും എന്നുള്ളത്. കെല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നീ രണ്ടു പേരുകളാണ് ടീം മാനേജ്മെന്‍റിന്‍റെ മുന്‍പിലുള്ളത്.
കെല്‍ രാഹുലാണ് സ്ഥിരം ഓപ്പണറെങ്കിലും സമീപകാലത്ത് തകര്‍പ്പന്‍ ഫോമിലാണ് ശുഭ്മാന്‍ ഗില്‍. കൂടാതെ ഗാബയില്‍ ഇന്ത്യ ചരിത്ര വിജയം നേടിയപ്പോള്‍ ഓപ്പണിംഗില്‍ 91 റണ്‍സുമായി ഗില്‍ തിളങ്ങിയിരുന്നു. ഇപ്പോഴിതാ രോഹിത് ശര്‍മ്മക്കൊപ്പം ഗില്‍ ഓപ്പണ്‍ ചെയ്യണം എന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ എം.എസ്.കെ പ്രസാദ്. ഗില്ലിന് വേണ്ടി രാഹുല്‍ താഴേക്ക് ഇറങ്ങണമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.
” ടെസ്റ്റിൽ കെ എൽ രാഹുലിനെ അഞ്ചാം നമ്പറിൽ കാണുന്നത് എനിക്ക് പ്രശ്നമല്ല. താഴേക്ക് ഇറങ്ങാന്‍ ഗില്ലിനോട് ആവശ്യപ്പെടേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. 50 ഓവർ ക്രിക്കറ്റിൽ രാഹുൽ നന്നായി കളിച്ചു, ബാറ്റിംഗ് ഓർഡറില്‍ താഴേക്ക് ഇറക്കാതിരിക്കാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ല, ”പ്രസാദ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഡിസംബറിൽ നടന്ന റോഡപകടത്തിൽ പരിക്കേറ്റ് സുഖം പ്രാപിക്കുന്ന ഋഷഭ് പന്തിന്റെ അഭാവത്തിൽ ആരാണ് വിക്കറ്റ് കീപ്പറുടെ ജോലി ചെയ്യുക എന്ന ചോദ്യവും മുന്നിലുണ്ട്. പന്തിന്റെ റോളിലേക്ക് കെഎസ് ഭരത്, ഇഷാൻ കിഷൻ എന്നീ രണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർമാരാണ് സ്ക്വാഡിലുള്ളത്.
മുൻ ചീഫ് സെലക്ടർ പ്രസാദും വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് തന്റെ ഉപദേശം നൽകി, ഭരതിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്
“കഴിഞ്ഞ രണ്ട് വർഷമായി ഋഷഭ് പന്തിന്റെ സാന്നിധ്യത്തിൽ പോലും ഭരതിനെ ഈ റോളിനായി ഒരുക്കിയിട്ടുണ്ട്. അതിനാൽ, ആദ്യ അവസരം ഭരതിന് നൽകുന്നത് ഉചിതമാണ്. അദ്ദേഹം തയ്യാറാണ്,” പ്രസാദ് പറഞ്ഞു.