ഗംഭീറിന് ഇതുവരെ എല്ലാം കൃത്യം, വ്യക്തം. കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന ട്വന്റി20 പരമ്പരകളിൽ യുവതാരം ശുഭ്മാൻ ഗില്ലാണ് ഉപനായകനായി എത്തുന്നത്. സിംബാബ്വേയ്ക്കെതിരായ കഴിഞ്ഞ ട്വന്റി20 പരമ്പരയിൽ ഗില്ലായിരുന്നു ഇന്ത്യയുടെ നായകൻ. പരമ്പര 4- 1 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ശേഷമാണ് ഗില്ലിനെ ഉപനായകനായി പ്രഖ്യാപിച്ചത്. ഇപ്പോൾ തങ്ങളുടെ പുതിയ കോച്ചായ ഗൗതം ഗംഭീറിനെ പ്രശംസിച്ചു കൊണ്ടാണ് ശുഭ്മാൻ ഗിൽ രംഗത്ത് എത്തിയിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരക്ക് മുൻപായി ഗംഭീറിന്റെ മനോഭാവവും ഇടപെടലും ഒരുപാട് പോസിറ്റീവ് എനർജി നൽകുന്നുവെന്ന് ഗിൽ പറയുകയുണ്ടായി. ജൂലൈ 27നാണ് ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.

ഗംഭീറുമൊത്തുള്ള ആദ്യ പരിശീലന സെഷന്റെ വിവരങ്ങൾ പങ്കുവെച്ചാണ് ഗിൽ സംസാരിച്ചത്. തന്റെ ചിന്തകളിൽ ഒരു വ്യക്തത വരുത്താൻ എല്ലായിപ്പോഴും ഗംഭീറിന് സാധിക്കുന്നുണ്ട് എന്ന് ഗിൽ പറഞ്ഞു. കേവലം 2 പരിശീലന സെക്ഷനുകൾ കൊണ്ടു തന്നെ തന്റെ മനോഭാവം കൃത്യമായി താരങ്ങളിൽ എത്തിക്കാൻ ഗംഭീറിന് സാധിച്ചിട്ടുണ്ട് എന്നാണ് ഗില്ലിന്റെ അഭിപ്രായം. എല്ലാ താരങ്ങളിൽ നിന്നും തനിക്ക് എന്താണ് വേണ്ടത് എന്ന് കൃത്യമായി പറഞ്ഞുകൊടുക്കാൻ ഗംഭീറിന് സാധിക്കുന്നുണ്ട് എന്ന് ഗിൽ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ഇടപെടലുകൾ എല്ലാ താരങ്ങൾക്കും വലിയ രീതിയിലുള്ള മികവ് പുലർത്താൻ കാരണമാവും എന്നാണ് ഗിൽ കരുതുന്നത്.

“ഗംഭീറിനൊപ്പം 2 നെറ്റ് സെഷനുകളാണ് ഇതുവരെ നടന്നിട്ടുള്ളത്. ഇത് ആദ്യമായാണ് ഞാൻ ഗംഭീറിനൊപ്പം പ്രവർത്തിക്കുന്നത്. ആ 2 നെറ്റ് സെഷനിടയ്ക്കും അദ്ദേഹത്തിന്റെ മനോഭാവവും ആശയവിനിമയവും അങ്ങേയറ്റം കൃത്യമായിരുന്നു. ഏത് താരങ്ങളിൽ നിന്ന് എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കി തരാൻ ഗംഭീറിന് സാധിച്ചിട്ടുണ്ട്. ഒരു കളിക്കാരന് ഏതുതരം തന്ത്രമാണ് പ്രാവർത്തിമാക്കാൻ സാധിക്കുക എന്നും ഗംഭീറിന് നല്ല ബോധ്യമുണ്ട്”- ശുഭ്മാൻ ഗിൽ പറഞ്ഞു.

ഒപ്പം ഇന്ത്യയുടെ പുതിയ ട്വന്റി20 നായകനായ സൂര്യകുമാർ യാദവിനെ പറ്റിയും ഗിൽ സംസാരിക്കുകയുണ്ടായി. സൂര്യകുമാറും ഗംഭീറും ഒരേ രീതിയിൽ ചിന്തിക്കുന്നവരാണ് എന്നാണ് ഗിൽ പറഞ്ഞത്. “സൂര്യകുമാർ യാദവിന്റെയും ഗംഭീറിന്റെയും, ചിന്തകളും മനോഭാവവും ഒരേ പേജിൽ തന്നെയാണ് എന്ന് ഞാൻ കരുതുന്നു. ദക്ഷിണാഫ്രിക്കയിൽ ഞാൻ സൂര്യ ഭായിയുടെ കീഴിൽ കളിച്ചിട്ടുണ്ട്. ഇരുവർക്കും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. മൈതാനത്തും ഇതിന്റെ കൃത്യമായ വിവരങ്ങൾ എല്ലാവർക്കും ലഭിക്കുമെന്ന് ഞങ്ങൾ കരുതുന്നു.”- ഗിൽ കൂട്ടിച്ചേർത്തു. എന്തായാലും വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇറങ്ങുന്നത്.

Previous articleബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.
Next articleസൂര്യയെ ക്യാപ്റ്റനാക്കാൻ ആദ്യം ശ്രമിച്ചത് ദ്രാവിഡ്‌. വെളിപ്പെടുത്തലുമായി ബോളിംഗ് കോച്ച്.