2022 ഐപിഎല്ലില്‍ തുടര്‍ച്ചയായ ഏഴു മത്സരങ്ങളില്‍ പരാജയപ്പെട്ടു നില്‍ക്കുകയാണ് രോഹിത് ശര്‍മ്മ ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍സ്. ഇതാദ്യമായാണ് ഒരു ടീം ടൂര്‍ണമെന്‍റിലെ ആദ്യ 7 മത്സരങ്ങള്‍ തോറ്റു തുടങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് 3 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതാണ് അവസാന പരാജയം. അവസാന ഓവറില്‍ 17 റണ്‍സ് വേണമെന്നിരിക്കെ ധോണിയുടെ ഫിനിഷിങ്ങ് പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയത്തില്‍ എത്തിച്ചത്.
ഉനദ്ഘട്ടിനെ 6,4,2,4 എന്നിങ്ങനെ അടിച്ചാണ് ധോണി മത്സരം ഫിനിഷ് ചെയ്തത്. മത്സരത്തിന്‍റെ അവസാന നിമിഷം വരെ പോരാടി എന്ന് മത്സര ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു. അവസാന പന്തില്‍ 4 റണ്‍ വേണമെന്നിരിക്കെ ബൗണ്ടറിയടിച്ചാണ് ധോണി വിജയിപ്പിച്ചത്.
” അവസാന നിമിഷം ഞങ്ങളുടെ ഭാഗത്ത് നിന്നും മികച്ച തിരിച്ചു വരവാണ് ഉണ്ടായത്. മത്സരത്തിലുട നീളം ഞങ്ങള്‍ ശരിയായിരുന്നു. ബാറ്റിംഗില്‍ അത്ര മികച്ചതല്ലായിരുന്നെങ്കിലും ബോളിംഗിലൂടെ മത്സരം പിടിമുറുക്കി. ധോണിയെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം, എത്ര ശാന്തനാണ്. അവസാന നിമിഷം വിജയം അവരുടേതാക്കി ” രോഹിത് ശര്‍മ്മ പറഞ്ഞു.
റണ്‍ ചേസിന്‍റെ ഒരു ഘട്ടത്തില്‍ 3 ഓവറില്‍ 42 റണ്‍സ് വേണം എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. അവസാന നിമിഷം ഒത്തു ചേര്‍ന്ന പ്രിട്ടോറിയസും ധോണിയും മത്സരം ചെന്നൈക്ക് അനുകൂലമാക്കി മാറ്റി.
” അവസാനം ഞങ്ങൾ വളരെ മാന്യമായ വിജയലക്ഷ്യമാണ് ഒരുക്കിയത്, ബോളിംഗ്കൊണ്ട് അവരെ സമ്മർദ്ദത്തിലാക്കാമെന്ന് ഞങ്ങൾ കരുതി. അവസാന ഓവർ വരെ ഞങ്ങൾ അവരെ സമ്മർദ്ദത്തിലാക്കിയെന്ന് ഞാൻ കരുതി. എന്നാൽ അവസാനം, എംഎസും പ്രിട്ടോറിയസും തികച്ചും ശാന്തരായി മത്സരം വിജയിപ്പിച്ചു ”
” നമ്മുടെ മുന്നിലുള്ളതെന്തും അതിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്. പിച്ച് മികച്ചതായിരുന്നു. ഞങ്ങൾക്ക് അവിടെ കൂടുതൽ റൺസ് നേടാമായിരുന്നു, പക്ഷേ ഞാൻ പറഞ്ഞതുപോലെ ഞങ്ങൾക്ക് കുറച്ച് വിക്കറ്റുകൾ നേരത്തെ നഷ്ടപ്പെട്ടു, അതിനുശേഷം ഫ്രീ ആയി കളിക്കുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടാണ് ” രോഹിത് ശര്‍മ്മ പറഞ്ഞു നിര്‍ത്തി.