ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഒരു തകർപ്പൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 235 എന്ന വമ്പൻ സ്കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയെ 191 എന്ന സ്കോറിൽ ഒതുക്കാൻ ഇന്ത്യക്ക് സാധിച്ചു. മത്സരത്തിൽ 44 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഈ വിജയത്തോടെ പരമ്പരയിൽ 2-0ന് മുൻപിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യൻ നിരയിലുള്ള താരങ്ങളൊക്കെയും വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തുവെന്നും, ആരും തനിക്ക് അധിക സമ്മർദം നൽകിയില്ല എന്നുമാണ് മത്സരശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പറഞ്ഞത്.
മഞ്ഞുതുള്ളികളുടെ സാന്നിധ്യം നേരത്തെ അറിഞ്ഞിരുന്നുവെന്നും അതിനായി തയ്യാറായിരുന്നു എന്നും സൂര്യ പറയുകയുണ്ടായി. “ടീമംഗങ്ങൾ ആരും തന്നെ എനിക്കധികം സമ്മർദം തരാറില്ല. അവർ അതിനെ നന്നായി കൈകാര്യം ചെയ്യുന്നു. നേരത്തെ തന്നെ ആദ്യം ബാറ്റ് ചെയ്യാൻ നമ്മൾ തയ്യാറായിരിക്കണമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു.
ഇവിടെ ഒരുപാട് മഞ്ഞുതുള്ളികൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ റൺസ് പ്രതിരോധിക്കാനും ഞങ്ങൾ തന്ത്രങ്ങൾ മെനഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തിൽ ബാറ്റ് ചെയ്യാനായി എത്തിയപ്പോൾ അദ്ദേഹം കാണിച്ച പക്വത അവിസ്മരണീയമായി തോന്നി. അത് മറ്റു ചില കളിക്കാരെ ഓർമ്മിപ്പിക്കുന്നതായിരുന്നു.”- സൂര്യകുമാർ യാദവ് പറഞ്ഞു.
മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് ജെയിസ്വാളിനെയാണ്. മത്സരത്തിൽ ജെയിസ്വാൾ 25 പന്തുകളിൽ 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 53 റൺസ് ആയിരുന്നു നേടിയത്. മത്സരം തനിക്ക് ഒരുപാട് പ്രത്യേകതയുള്ളതായിരുന്നു എന്ന് ജയിസ്‌വാൾ പറഞ്ഞു. “എന്നെ സംബന്ധിച്ച് ഈ മത്സരം ഒരുപാട് സ്പെഷ്യലായിരുന്നു. ഞാൻ എന്റെ എല്ലാ ഷോട്ടുകളും കളിക്കാൻ മത്സരത്തിൽ ശ്രമിച്ചു. ഭയമില്ലാതെ ഓസ്ട്രേലിയൻ ബോളിങ് നിരയെ നേരിടാനാണ് ഞാൻ തയ്യാറായത്. എന്റെ തീരുമാനങ്ങളിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. സൂര്യകുമാർ യാദവും വിവിഎസ് ലക്ഷ്മൺ സാറും എന്നോട് പറഞ്ഞത് ധൈര്യമായി കളിക്കാൻ തന്നെയാണ്.”- ജയിസ്വാൾ പറഞ്ഞു.
“മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ കളിക്കുക എന്നതിലാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ഞാൻ ഇപ്പോഴും പഠനത്തിലാണ്. കഴിഞ്ഞ മത്സരത്തിൽ ഋതുരാജ് പുറത്തായത് എന്റെ തെറ്റുമൂലമായിരുന്നു. ഞാൻ അതിന് ഋതുവിനോട് മാപ്പു പറഞ്ഞിരുന്നു. ആ തെറ്റ് ഞാൻ സമ്മതിക്കുകയും ചെയ്തു. ഋതുരാജ് വളരെ പക്വതയുള്ള സഹായിയായ താരമാണ്. കഴിഞ്ഞ സമയങ്ങളിൽ എന്റെ ഫിറ്റ്നസ്സിൽ ഞാൻ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ എല്ലാ ഷോട്ടുകളും മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു. ഒപ്പം മാനസികപരമായി പോസിറ്റീവ് ആയി തുടരാനും എനിക്ക് സാധിക്കുന്നുണ്ട്. ഞാൻ എന്റെ പരിശീലനം സെഷനിൽ കൂടുതൽ വിശ്വസിക്കുന്നു.”- ജെയ്‌സ്വാൾ കൂട്ടിച്ചേർത്തു.