സിംബാബ്വെയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും വളരെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകൻ ഗില്ലിന്റെ അർധ സെഞ്ച്വറിയുടെ ബലത്തിൽ 182 എന്ന ശക്തമായ സ്കോർ കണ്ടെത്തിയിരുന്നു. ഇന്ത്യക്കായി ഋതുരാജ് മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്വെയെ തുടക്കത്തിൽ തന്നെ തകർക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. സിംബാബ്വെ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും വാഷിംഗ്ടൺ സുന്ദറിന്റെ ബോളിംഗ് മികവിന് മുൻപിൽ പരാജയപ്പെടുകയായിരുന്നു. 23 റൺസിന്റെ വിജയമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. വിജയത്തിന് ശേഷം ഇന്ത്യൻ നായകൻ ഗിൽ സംസാരിക്കുകയുണ്ടായി.
തങ്ങളെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിജയമാണ് മത്സരത്തിൽ ലഭിച്ചത് എന്ന് ഗിൽ പറയുകയുണ്ടായി. “തീർച്ചയായും ഈ വിജയം വലിയ സന്തോഷം നൽകുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു വളരെ നിർണായകമായ മത്സരമായിരുന്നു. മത്സരത്തിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഞങ്ങൾ ആരംഭിച്ച രീതി വളരെ നല്ലതായിരുന്നു. മത്സരത്തിലെ വിക്കറ്റ് പേസ് ഉള്ളതായിരുന്നു. ചില പന്തുകൾ ഗ്രിപ്പ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ലെങ്ത് ബോളുകൾക്കെതിരെ ആക്രമണം അഴിച്ചുവിടുക എന്നത് അത്ര അനായാസമായിരുന്നില്ല.”- ഗിൽ പറഞ്ഞു.
“ഇക്കാര്യം ഞങ്ങൾ ബോളർമാരുമായി ചർച്ച ചെയ്തിരുന്നു. വിക്കറ്റിൽ നിന്ന് എന്തെങ്കിലും ബോളർമാർക്ക് ലഭിക്കുമെങ്കിൽ അത് ന്യൂബോളിലായിരിക്കും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ബോൾ അല്പം പഴയതായാൽ അത് ബാറ്റർമാർക്ക് റൺസ് കണ്ടെത്താൻ അനായാസമായി മാറുമെന്നും ഞങ്ങൾ തിരിച്ചറിഞ്ഞു. ടീമിന്റെ ഈ പ്രകടനത്തിൽ വലിയ സന്തോഷം തന്നെയാണുള്ളത്. എല്ലാവരും ടീമിനായി സംഭാവനകൾ നൽകുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച് അത് വളരെ നല്ലൊരു സൂചന കൂടിയാണ്.”- ഗില്‍ കൂട്ടിച്ചേർക്കുകയും ഉണ്ടായി. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് വാഷിംഗ്ടൺ സുന്ദറിനെയായിരുന്നു. കേവലം 15 റൺസ് മാത്രം വിട്ടു നൽകിയാണ് സുന്ദർ 3 വിക്കറ്റുകൾ സ്വന്തമാക്കിയത്.
എപ്പോഴൊക്കെ രാജ്യത്തിനെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയാലും തനിക്ക് വലിയ ആത്മവിശ്വാസം തോന്നാറുണ്ട് എന്ന് സുന്ദർ പറയുകയുണ്ടായി. ബാറ്റർമാരെ സംബന്ധിച്ച് നല്ലൊരു വിക്കറ്റ് തന്നെയായിരുന്നു മത്സരത്തിലേത് എന്ന് സുന്ദർ കൂട്ടിച്ചേർത്തു.
അടുത്ത മത്സരത്തിൽ വിജയം നേടി പരമ്പര തങ്ങൾ സ്വന്തമാക്കും എന്നാണ് സുന്ദർ പറഞ്ഞത്. മറുവശത്ത് സിംബാബ്വെ നായകൻ റാസ തന്റെ നിരാശയും പ്രകടിപ്പിക്കുകയുണ്ടായി. അധികമായി 20 റൺസ് ഇന്ത്യയ്ക്ക് വിട്ടു നൽകിയതാണ് പരാജയത്തിന് പ്രധാന കാരണമായി മാറിയത് എന്നാണ് റാസ പറഞ്ഞത്.