വിൻഡീസ് എതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ടി :20 പരമ്പരയും രോഹിത് ശർമ്മയും സംഘവും തൂത്തുവാരിയിരുന്നു മൂന്നാം ടി :20യിൽ 17 റൺസ് ജയവുമായി ഇന്ത്യൻ ടീം ടി :20 റാങ്കിങ്ങിൽ ഒന്നാമത് എത്തിയപ്പോൾ ഏറ്റവും അധികം കയ്യടികൾ നേടിയത് സ്റ്റാർ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവാണ്. പരമ്പരയിൽ ഇന്ത്യൻ ബാറ്റിംഗിന്റെ കരുത്തായി മാറിയ സൂര്യകുമാർ യാദവ് തന്നെയാണ് മാൻ ഓഫ് ദി സീരിസ് പുരസ്‌കാരവും സ്വന്തം പേരിലാക്കിയത്. മൂന്നാം ടി :20യിൽ 65 റൺസുമായി തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത സൂര്യകുമാർ യാദവ് വരാനിരിക്കുന്ന ടി :20ക്രിക്കറ്റ് ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചുവെന്നാണ് മുൻ താരങ്ങൾ അടക്കം ഇപ്പോൾ അഭിപ്രായപെടുന്നത്. ഇപ്പോഴിതാ താരത്തെ പുകഴ്ത്തി രംഗത്ത് എത്തുകയാണ് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനായ കിറോൺ പൊള്ളാർഡ്.
ലോകത്തെ ബെസ്റ്റ് ബാറ്റ്‌സ്മാന്മാരിൽ ഒരാളായ സൂര്യകുമാർ യാദവിനെ പല താരങ്ങളും മാതൃകയാക്കണമെന്നാണ് പൊള്ളാർഡ് പറയുന്നത്. “2011ൽ ആദ്യമായി മുംബൈ ഇന്ത്യൻസിലേക്ക് അവൻ എത്തിയ നാൾ മുതൽ എനിക്ക് നല്ലത് പോലെ സൂര്യകുമാർ യാദവിനെ അറിയാം. അദ്ദേഹം വളരെ കഠിനമായ അധ്വാനിയാണ്.മുംബൈയിലേക്ക് അവൻ എത്തിയത് മുതൽ അവനോടൊപ്പം കളിക്കാൻ എനിക്ക് മികച്ച അവസരം ലഭിച്ചിട്ടുണ്ട്.നിലവിൽ സൂര്യയുടെ ഈ വളർച്ച കാണുമ്പോൾ സന്തോഷമുണ്ട് “പൊള്ളാർഡ് വാചാലനായി
“സൂര്യകുമാർ യാദവ് ഒരു 360 ഡിഗ്രി പ്ലയെർ കൂടിയാണ്.ഒരു 360 ഡിഗ്രി ബാറ്റ്‌സ്മാനെന്ന നിലയിൽ അദ്ദേഹം തനിക്ക് വേണ്ടിയും ടീമിനായും ഇപ്പോൾ മഹത്തരമായ കാര്യങ്ങളാണ് ചെയ്യുന്നത്. എന്റെ അഭിപ്രായത്തിൽ ഏതൊരു ബാറ്റ്‌സ്മാനും സൂര്യയുടെ ബാറ്റിൽ നിന്നും ഓരോ പേജ് വീതം എടുക്കാവുന്നതാണ് ” പൊള്ളാർഡ് അഭിപ്രായപ്പെട്ടു. മുംബൈ ടീം ലേലത്തിന് മുൻപ് ബുംറ, രോഹിത് ശർമ്മ എന്നിവർക്ക് പുറമേ സ്‌ക്വാഡിൽ നിലനിർത്തിയ താരങ്ങളാണ് പൊള്ളാർഡ്, സൂര്യകുമാർ യാദവ് എന്നിവർ.