ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ഒരു ടീമാണ് ഇംഗ്ലണ്ട്. ആദ്യം മുതല്‍ അവസാനം വരെ റണ്‍സ് കണ്ടെത്താന്‍ കഴിവുള്ള താരങ്ങളാല്‍ സമ്പന്നമാണ് ഇംഗ്ലണ്ട്. എന്നാല്‍ ക്യാപ്‌റ്റന്‍ ഓയിന്‍ മോര്‍ഗന്‍റെ മോശം ഫോമാണ് ഇംഗ്ലണ്ടിനു തലവേദനയായി മാറുന്നത്.
ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മോശം പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ മോര്‍ഗന്‍ നടത്തിയത്. 17 മത്സരങ്ങളില്‍ 133 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റനു കൂടി നേടാനായത്. എന്നാല്‍ ഇപ്പോഴിതാ ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് നേടുന്നതിന് താന്‍ വിലങ്ങ് തടിയായി നില്‍ക്കില്ല എന്ന് പറഞ്ഞിരിക്കുകയാണ് ഓയിന്‍ മോര്‍ഗന്‍. തന്റെ ഫോം മോശമായി തുടരുകയാണെങ്കില്‍ ടീമില്‍ നിന്ന് പുറത്ത് പോകുകവാന്‍ താന്‍ തയ്യാറാമെന്ന് ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി.
തന്റെ ക്യാപ്റ്റന്‍സി മികച്ച നിലയിലാണ് പോകുന്നതെന്നാണ് താന്‍ കരുതുന്നതെങ്കിലും മോശം ഫോമിലൂടെ തുടര്‍ന്നും പോയാല്‍ ടീമില്‍ നിന്ന് മാറി നില്‍ക്കുവാന്‍ താന്‍ തയ്യാറാണെന്നും മോര്‍ഗന്‍ അറിയിച്ചത്. ഇന്ത്യക്കെതിരെയുള്ള പരിശീലന മത്സരത്തില്‍ മോര്‍ഗന്‍ കളിച്ചിരുന്നില്ല. പകരം ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിനെ നയിച്ചത്.
2019 ല്‍ ലോകകപ്പ് വിജയിച്ചപ്പോഴും, 2016 ടി20 ലോകകപ്പില്‍ ഫൈനലില്‍ എത്തിയപ്പോഴും ഓയിന്‍ മോര്‍ഗനായിരുന്നു ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിച്ചിരുന്നത്.