എറിയുന്ന ബൗളറുടെ മികവോ, അദ്ദേഹത്തിന്റെ വേഗതയോ ആ മനുഷ്യനെ ഒരിക്കലും പേടി പെടുത്തിയിരുന്നില്ല

കളിയുടെ ആദ്യ ഓവറിൽ ഒരു ബാറ്റ്സ്മാൻ ബാറ്റ് ചെയ്യാൻ ഇറങ്ങുന്നു അദ്ദേഹം തൻറെ കൈകൾ 360 ഡിഗ്രിയിൽ കറക്കുന്നുണ്ടായിരുന്നു, ആരെയും കൂസാതെ അദ്ദേഹം സ്ട്രൈക്ക് എടുക്കാൻ തയ്യാറായി പക്ഷേ ബൗളർ തന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പറക്കുമോ എന്ന പേടിയിലാണ് കാരണം ബാറ്റുമായി ക്രീസിൽ നിൽക്കുന്ന ആ അവതാരത്തിന്റ പേര് വീരേന്ദ്ര സേവാഗ് എന്നായിരുന്നു. അതായിരുന്നു വീരു തന്റെ കാലത്ത് ബോളർമാർ ക്കിടയിൽ ഉണ്ടാക്കിയ ഇമ്പാക്ട്.എറിയുന്ന ബൗളറുടെ മികവോ, അദ്ദേഹത്തിന്റെ വേഗതയോ ആ മനുഷ്യനെ ഒരിക്കലും പേടി പെടുത്തിയിരുന്നില്ല, അതെ തന്റെ റഡാറിൽ ബൗൾ എത്തിയാൽ അത് പറന്നിരിക്കും ബൗണ്ടറി ലൈനിന് പുറത്തേക്ക്.

ആ കരിയറിലുടനീളം ഇന്ത്യൻ ആരാധകർക്ക് ആഘോഷിക്കാൻ ഒരുപാട് മുഹൂർത്തങ്ങൾ സമ്മാനിച്ചിരുന്നു അയാൾ ,തന്റെ കരിയർ സച്ചിൻ ,ദ്രാവിഡ് ലക്ഷ്മൺന്,ദാദ എന്നീ ഇതിഹാസങ്ങളുടെ കൂടെ പങ്കിടേണ്ടിവന്നിട്ടും ആരാധകർക്കിടയിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയിരുന്നു വീരു. ഒരിക്കലും ബാറ്റിംങ്ങിലെ പാരമ്പരാഗത നിയമങ്ങളിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല, കണ്ണും കയ്യും തമ്മിലുള്ള അഗാധമായ ബന്ധവും, തന്റെ ജന്മനാ കിട്ടിയ കഴിവിലും ആയിരുന്നു അദ്ദേഹം അടിയുറച്ചു വിശ്വസിച്ചിരുന്നത്.

തന്റെ വ്യക്തിഗത സ്കോർ ഒരിക്കലും അദ്ദേഹത്തിനൊരു പ്രശ്നമേ അല്ലായിരുന്നു പൂജ്യത്തിലായാലും, തൊണ്ണൂറ്റി ഒൻപതിൽ നിൽക്കുമ്പോഴും അതിർത്തികടക്കേണ്ട ഒരു ബോൾ അദ്ദേഹത്തിന്റെ കണ്മുന്നിൽ വരുകയാണെങ്കിൽ അദ്ദേഹം അതിർത്തി കടത്തിയിരിക്കും ഒരുപക്ഷെ ആ ചങ്കൂറ്റം വീരുവിനെ പോലെ ഇന്റർനാഷണൽ ക്രിക്കറ്റിൽ കാഴ്ച്ച വച്ച വേറൊരു ബാറ്റ് സ്മാനുണ്ടായിരിക്കില്ല. അതുകൊണ്ടായിരിക്കാം ഒരിക്കൽ ഇന്ത്യയുടെ ഇതിഹാസമായ സച്ചിൻ വരെ ഇങ്ങനെ ഉരുവിട്ടത് ‘തൊണ്ണൂറുകളിൽ എങ്ങെനെ ബാറ്റ് ചെയ്യണമെന്നുള്ളത് വീരുവിന്റ അടുത്തു നിന്ന് ഞാൻ പഠിക്കേണ്ടിയിരിക്കുന്നു’

അദ്ദേഹത്തിന്റെ കാലഘട്ടം കഴിഞ്ഞു അദ്ദേഹത്തിന്റെ കരിയറിൽ അദ്ദേഹം നമുക്കെല്ലാം നൽകി ത്രില്ലറുകൾ, ഹൃദയഭേദക നിമിഷങ്ങൾ, സന്തോഷം, നിരാശ…….. ചില കാര്യങ്ങൾ നമുക്ക് വിവരിക്കാൻ സാധിക്കില്ല അത് അനുഭവിക്കുകതന്നെ വേണം, ആ നിമിഷം ആസ്വദിക്കുക സച്ചിന്റെ സ്ട്രെയ്റ്റ് ഡ്രൈവും ലക്ഷ്മണന്റെ റിസ്റ്റിഫ്ളിക്കും രാഹുൽ ദ്രാവിഡിന്റെ ഡിഫൻസുമെല്ലാം അത്തരത്തിൽ ഒന്നായിരുന്നു. പക്ഷേ സെവാഗിന്റെ ‘whole Batsmanship’ തന്നെ ഒരു വിരുന്നായിരുന്നു, വിവരിക്കാവുന്നതിലും അപ്പുറമായിരുന്നു സേവാഗ്, ഏതു സമയവും നമ്മൾക്കൊരു സർപ്രൈസ് തരും അയാൾ അതായിരുന്നു വീരു മാജിക്ക്, എതിർ ക്യാമ്പിൽ ഭീതി പരത്തി, എതിർ ക്യാപ്റ്റന്റെ സ്ട്രാറ്റജി മാറ്റം വരുത്തി, സ്വന്തം ബൗളർമാർക്ക് 20 വിക്കറ്റ് എടുക്കാനുള്ള സമയം നൽകുമായിരുന്നു അയാൾ തന്റെ മാസ്മരിക ബാറ്റിംഗിലൂടെ.

300 എന്ന മാന്ത്രിക സ്കോറിലേക്ക് സിക്സ് അടിച്ചു കയറുമ്പോഴും, 200 എത്താൻ സിക്സ് അടിക്കാനുള്ള ശ്രമം വിഫലം ആവുമ്പോഴും, ഒരു ചോദ്യം ഉയരുകയാണ് ലോക ക്രിക്കറ്റിൽ വേറെ ഏതു ബാറ്റ്സ്മാൻ കാണിച്ചിട്ടുണ്ട് ഇത്ര ചങ്കൂറ്റം, അതെ ഇനി ഇന്ത്യൻ കുപ്പായത്തിൽ സേവാഗില്ലെന്ന് നമുക്കറിയാം അപ്പോഴും ഗള്ളിക്കും തേഡ് മാനിന് മുകളിലൂടെയും പറന്ന ആ അപ്പർ കട്ടുകൾ എന്നും നമ്മളുടെ മനസ്സുകളിൽ ഇങ്ങനെ നിറഞ്ഞിരിക്കും …

ഒരുപക്ഷെ അദ്ദേഹത്തിന്റെ സ്റ്റാറ്റിസ്റ്റിക്സിലൂടെ കടന്നു പോവുന്ന പുതിയ യുഗത്തിലെ കുട്ടികൾക്ക് അദ്ദേഹം ഒരു സംഭവം ആയിരിക്കില്ല, പക്ഷെ വീരു എന്ന ആ അസാമാന്യ പ്രതിഭയുടെ കളി നേരിട്ടുകണ്ട ജനതക്കറിയാം അദ്ദേഹം ഇന്ത്യൻ ടീമിന് നൽകിയ സംഭാവനകൾ അതെ സ്റ്റാറ്റിസ്റ്റിക്സുകൾക്കും അപ്പുറമായിരുന്നു വീരു. രസം കൊല്ലിയായ ടെസ്റ്റ്‌ ക്രിക്കറ്റിലേക് ആരാധകരെ മടക്കി കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയായിരുന്നു എന്നുള്ള സത്യവും നമ്മൾ സ്മരിക്കേണ്ടിയിരിക്കുന്നു.

ടെസ്റ്റ്‌ ക്രിക്കറ്റിലെ പരമ്പരാഗത ശൈലി പോലും അദ്ദേഹം അദ്ദേഹത്തിന്റെ ഭാഷയിൽ മാറ്റിയെഴുതി ആദ്യ മണിക്കൂറുകളിൽ സൂക്ഷ്മതയോടെ ബോളുകളെ നേരിടുന്ന ഓപ്പണേഴ്സിൽ നിന്നും നേരിട്ട ആദ്യ ബോളിൽ തന്നെ ബൗളർമാരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്ന ഒരു പുതിയ അവതാരമായി മാറുകയായിരുന്നു വീരു.

ജന്മദിനാശംസകൾ വീരു ❤️

എഴുതിയത് – Pranav Thekkedath