2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആറാം മത്സരം നാളെ ഇംഗ്ലണ്ടിനെതിരെയാണ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് അത്ര മികച്ച ലോകകപ്പല്ല 2023ലേത്. ഇതുവരെ ഈ ലോകകപ്പിൽ അഞ്ചു മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിന് കേവലം ഒരു മത്സരത്തിൽ മാത്രമാണ് വിജയം സ്വന്തമാക്കാൻ സാധിച്ചത്. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് ഒരു സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. കളിച്ച അഞ്ചു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ടൂർണമെന്റിൽ ഇതുവരെ പരാജയപ്പെടാത്ത ഒരു ടീമും ഇന്ത്യ തന്നെയാണ്. ഈ സാഹചര്യത്തിൽ വലിയ പ്രതീക്ഷയോടെയാണ് ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ഇന്ത്യയുടെ ആഘോഷങ്ങൾ ഇല്ലാതാക്കാൻ ഇംഗ്ലണ്ടിന് സാധിക്കും എന്നാണ് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ പറയുന്നത്.
നിലവിൽ ഇംഗ്ലണ്ടിന്റെ സെമിഫൈനൽ സാധ്യതകൾ ഒരു പരിധിവരെ അവസാനിച്ചിട്ടുണ്ട്. അതിനാൽ തന്നെ മാനം കാക്കാനുള്ള പ്രകടനമാണ് ഇംഗ്ലണ്ടിന് കാഴ്ചവയ്ക്കേണ്ടത്. പക്ഷേ സെമിഫൈനൽ സാധ്യതകൾ അവസാനിച്ചു കൊണ്ടിരിക്കുമ്പോഴും ഇംഗ്ലണ്ടിനെ അങ്ങനെ എഴുതിത്തള്ളാൻ സാധിക്കില്ല. വളരെ അപകടകാരികളായ ഒരുപാട് കളിക്കാർ ഇംഗ്ലണ്ട് നിരയിലുണ്ട്. എന്നാൽ ഒരു ടീം എന്ന നിലയിൽ അവർക്ക് മികവ് പുലർത്താൻ സാധിക്കുന്നില്ല എന്നതാണ് ഇംഗ്ലണ്ട് നേരിടുന്ന പ്രധാന പ്രശ്നം.
ഇന്ത്യൻ ടീമും ഇംഗ്ലണ്ടിനെ അത്തരത്തിൽ അനായാസമായി എഴുതിത്തള്ളുമെന്ന് കരുതുന്നില്ല. മത്സരത്തിൽ ഇംഗ്ലണ്ട് അങ്ങേയറ്റം പൊരുതുമെന്നത് ഉറപ്പാണ്. എന്നാൽ ഇംഗ്ലണ്ടിനെതിരെ വിജയം സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് അത് കൂടുതൽ കരുത്ത് നൽകും. ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തെറിയുമെന്നും ഇന്ത്യയുടെ സന്തോഷം നശിപ്പിക്കുമെന്നുമാണ് നാസർ ഹുസൈൻ ഇപ്പോൾ പറയുന്നത്.
“ഇംഗ്ലണ്ടിന്റെ ഈ പരാജയങ്ങളുടെ ഉത്തരവാദിത്വം കളിക്കാർ പൂർണമായും ഏറ്റെടുക്കണം. ഈ നാണക്കേട് ഒഴിവാക്കാൻ വരും മത്സരങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കേണ്ടതുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ സന്തോഷം തല്ലിക്കെടുത്താൻ ഇംഗ്ലണ്ടിന് സാധിക്കണം. എതിരാളികൾക്ക് കൃത്യമായ മറുപടി നൽകാൻ ഇംഗ്ലണ്ടിന് സാധിക്കണം. എത്ര മികച്ച ക്രിക്കറ്റർമാർ അണിനിരക്കുന്ന ടീമാണ് ഇംഗ്ലണ്ട് എന്ന് ഇന്ത്യൻ ടീമും ക്രിക്കറ്റ് ലോകവും മത്സരം കണ്ട് വിലയിരുത്തണം.”- നാസർ ഹുസൈൻ പറയുന്നു.
ഇത്ര മികച്ച താരങ്ങളുമായി ഇന്ത്യയിൽ എത്തിയിട്ടും യാതൊരു തരത്തിലും നിലവാരം പുലർത്താൻ സാധിക്കാത്ത ടീമാണ് ഇംഗ്ലണ്ട്. നെതർലാൻഡ്സ് അടക്കമുള്ള ടീമുകളോട് വമ്പൻ പരാജയമാണ് ഇംഗ്ലണ്ട് ഈ ടൂർണമെന്റിൽ നേരിട്ടിട്ടുള്ളത്. ടൂർണമെന്റിന്റെ തുടക്കത്തിൽ പല മുൻ താരങ്ങളും ഫേവറേറ്റുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന ടീമാണ് ഇംഗ്ലണ്ട്. പക്ഷേ ടൂർണ്ണമെന്റ് പകുതിയാകുമ്പോൾ ഇംഗ്ലണ്ടിന്റെ കേവലം നിഴൽ മാത്രമാണ് മത്സരങ്ങളിൽ കാണാൻ സാധിക്കുന്നത്. ശക്തമായ പ്രകടനങ്ങളോടെ ഇംഗ്ലണ്ട് തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.