ഏകദിന ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ബെന്‍ സ്റ്റോക്ക്സിനെ വിജയത്തോടെ യാത്ര അയക്കാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞില്ലാ. സൗത്താഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 62 റണ്‍സിന്‍റെ തോല്‍വിയാണ് ഇംഗ്ലണ്ട് വഴങ്ങിയത്. സൗത്താഫ്രിക്ക ഉയര്‍ത്തിയ 334 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 271 ല്‍ എല്ലാവരും പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക വാന്‍ ഡര്‍ ദുസന്‍റെ കരിയറിലെ മികച്ച സ്കോറായ 134 റണ്‍സിന്‍റെ പിന്‍ബലത്തിലാണ് സൗത്താഫ്രിക്ക കൂറ്റന്‍ സ്കോര്‍ നേടിയത്. മറുപടി ബാറ്റിംഗില്‍ കേശവ് മഹരാജ് – ടബ്രിസ് ഷംസി – ഏയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. സ്ഥിരം ക്യാപ്റ്റന്‍ ടെംബ ബാവുമക്ക് പകരം കേശവ് മഹാരാജാണ് ടീമിനെ നയിച്ചത്.
ഇംഗ്ലണ്ടിലെ ഏറ്റവും ചൂട് രേഖപ്പെടുത്തിയ ദിനത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ വലഞ്ഞു. മാത്യൂ പോട്സ് 4 ഓവര്‍ മാത്രമാണ് എറിഞ്ഞത്. കനത്ത ചൂടില്‍ ജനേമാന്‍ മലാനും – വാന്‍ഡര്‍ ദുസനും ചേര്‍ന്ന് 109 റണ്‍സ് കൂട്ടിചേര്‍ത്തു. 77 പന്തില്‍ 57 റണ്‍സുമായി മലാന്‍ മടങ്ങിയെങ്കിലും ഏയ്ഡന്‍ മാര്‍ക്രവുമായി മറ്റൊരു സെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. 61 പന്തില്‍ 9 ഫോറുമായി 77 റണ്‍സ് നേടിയ ഏയ്ഡന്‍ മാര്‍ക്രം പുറത്താവുമ്പോള്‍ സൗത്താഫ്രിക്ക 300 നടുത്ത് എത്തിയിരുന്നു.
90 പന്തിലാണ് തന്‍റെ കരിയറിലെ മൂന്നാം സെഞ്ചുറി വാന്‍ഡര്‍ ദുസന്‍ നേടിയത്. 350 ലക്ഷ്യം കണ്ട സൗത്താഫ്രിക്ക, താരത്തിന്‍റെ വിക്കറ്റ് നഷ്ടമായതോടെ റണ്‍ നിരക്ക് കുറഞ്ഞു. 117 പന്തില്‍ 10 ഫോറടക്കമാണ് വാന്‍ഡര്‍ ദുസന്‍റെ 133 റണ്‍സ്. അവസാന നിമിഷം മില്ലറുടെ (14 പന്തില്‍ 24) പ്രകടനമാണ് ഇംഗ്ലണ്ടിനെ 330 കടത്തിയത്. ഇംഗ്ലണ്ടിനായി ലിവിങ്ങ്സ്റ്റണ്‍ 2 വിക്കറ്റ് നേടിയപ്പോള്‍, സാം കരന്‍, മൊയിന്‍ അലി, ബ്രാണ്ടന്‍ കേഴ്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ജേസണ്‍ റോയും (43) ജോണി ബെയര്‍സ്റ്റോയും (63) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുമായാണ് റണ്‍ചേസിനു തുടക്കമിട്ടത്. ഇരുവരുടേയും വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ടിന്‍റെ പതനം ആരംഭിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ സൗത്താഫ്രിക്കന്‍ ബോളര്‍മാര്‍ ഒരുതരത്തിലും മുന്നേറാന്‍ സമ്മതിച്ചില്ലാ. ഒരറ്റത്ത് ജോ റൂട്ട് (77 പന്തില്‍ 86) പോരാട്ടം നടത്തിയെങ്കിലും മറുവശത്ത് പിന്തുണ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ലാ.
അവസാന മത്സരം കളിക്കുന്ന ബെന്‍ സ്റ്റോക്ക്സ് 5 റണ്‍ നേടി പുറത്തായി. ജോസ് ബട്ട്ലര്‍ (12) ലിവിങ്ങ്സ്റ്റണ്‍ (10) മൊയിന്‍ അലി (3) സാം കറന്‍ (18) എന്നിവര്‍ നിരാശപ്പെടുത്തി. വാലറ്റത്തിനും കാര്യമായ റണ്‍ നേടാന്‍ കഴിയാതിരുന്നതോടെ ഇംഗ്ലണ്ട്, 46.5 ഓവറില്‍ 271 ല്‍ എല്ലാവരും പുറത്തായി.
സൗത്താഫ്രിക്കന്‍ നിരയില്‍ നോര്‍ക്കിയ 4 വിക്കറ്റ് വീഴ്ത്തി. ഷംസിയും മാര്‍ക്രവും രണ്ട് വീതം വീഴ്ത്തിയപ്പോള്‍ കേശവ് മഹാരാജും എന്‍ഗീഡിയും ഓരോ വീതം വിക്കറ്റ് പങ്കിട്ടു.