അത്യന്തം ആവേശം ഓരോ ദിനവും നീണ്ടുനിന്ന ഇംഗ്ലണ്ട് : ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 5 വിക്കെറ്റ് ത്രില്ലിംഗ് ജയം സ്വന്തമാക്കി ബെൻ സ്റ്റോക്സും സംഘവും.പേസ് ബൗളർമാരുടെ അധിപത്യം കണ്ട മത്സരത്തിൽ ഒരു ദിവസം ശേഷിക്കേയാണ് ഇംഗ്ലണ്ട് ടീമിന്റെ വിജയം. പുതിയ കോച്ചിന്റെ നേതൃത്വത്തിൽ കളിക്കാൻ ഇറങ്ങിയ ഇംഗ്ലണ്ട് ടീമിന് രണ്ടാമത്തെ ഇന്നിങ്സിൽ കരുത്തായി മാറിയത് മുൻ ക്യാപ്റ്റൻ ജോ റൂട്ടിന്റെ ബാറ്റിങ് മികവ് തന്നെ.
രണ്ടാം ഇന്നിങ്സിൽ കിവീസിന് എതിരെ ജയത്തിനായി ഇംഗ്ലണ്ട് ടീമിന് വേണ്ടിയിരുന്നത് 277 റൺസ്.മികച്ച രീതിയിൽ ഒന്നാമത്തെ ഇന്നിംഗ്സിൽ അടക്കം പന്തെറിഞ്ഞ കിവീസ് ജയം സ്വപ്നം കണ്ടെങ്കിലും രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിൽ റൂട്ട് നേടിയ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് അഭിമാന ജയം ഒരുക്കിയത്.
170 ബോളിൽ 12 ഫോർ അടക്കം മുൻ ക്യാപ്റ്റൻ റൂട്ട് 115 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഇംഗ്ലണ്ട് വിജയലക്ഷ്യത്തിലേക്ക് 5 വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ എത്തി.ജോ റൂട്ട് പുറമേ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 54 റൺസുമായി തിളങ്ങി.ജയത്തോടെ മൂന്ന് ടെസ്റ്റ് മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുൻപിൽ എത്തി.നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലാൻഡ് ടീം 132 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് ടീം ടോട്ടൽ 141 റൺസിൽ ഒതുങ്ങി. ജെയിംസ് അൻഡേഴ്സണിന്‍റെ നേത്രത്വത്തിൽ ഇംഗ്ലണ്ട് പേസർമാർ ഒന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡ് ടീമിനെ തകർത്തെങ്കിലും വെറും ഒൻപത് റൺസ് ലീഡാണ് ഇംഗ്ലണ്ടിന് നേടാൻ കഴിഞ്ഞത്.
എന്നാൽ രണ്ടാം ഇന്നിങ്സിൽ ഡാരൽ മിച്ചൽ (108 റൺസ് ), ടോം ബ്ലണ്ടൽ (96 റൺസ് ) എന്നിവർ മികവിലാണ് ന്യൂസിലാൻഡ് സ്കോർ 285ലേക്ക് എത്തിയത്.ക്ലാസ്സിക്ക് ബാറ്റിങ്ങുമായി ജോ റൂട്ട് തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് ജയം എളുപ്പമായി. ടെസ്റ്റ് കരിയറിൽ 10000 റൺസ് എന്നുള്ള നേട്ടവും റൂട്ട് സ്വന്തമാക്കി.