ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ഓള്‍റൗണ്ട് പ്രകടനവും റിഷഭ് പന്തിന്‍റെ സെഞ്ചുറിയുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സ്കോര്‍ : ഇംഗ്ലണ്ട് – 259-10 ഇന്ത്യ – 261/5
വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. 17ാം ഓവറില്‍ 72 ന് 4 എന്ന നിലയിലേക്കായി. രോഹിത് ശര്‍മ്മ (17) ശിഖാര്‍ ധവാന്‍ (1) വീരാട് കോഹ്ലി (17) സൂര്യകുമാര്‍ യാദവ് (16) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. പിന്നീട് ഒത്തുചേര്‍ന്ന ഹാര്‍ദ്ദിക്ക് പാണ്ട്യയും റിഷഭ് പന്തും ചേര്‍ന്നാണ് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. ഇരുവരും ചേര്‍ന്ന് 115 പന്തില്‍ 133 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
നല്ല ബോളുകളെ ബഹുമാനിച്ചും മോശം ബോളുകളെ ശിക്ഷിച്ചും ഇരുവരും മുന്നോട്ട് പോയി. എന്നാല്‍ ഇരുവരും അര്‍ദ്ധസെഞ്ചുറി കണ്ടെത്തിയതോടെ പതിയെ ഗിയര്‍ മാറ്റി. അനായാസം ബൗണ്ടറികള്‍ കടന്നു കൊണ്ടിരുന്നു. മറ്റൊരു ബൗണ്ടറി ശ്രമത്തിനിടെയായിരുന്നു ഹാര്‍ദ്ദിക്ക് പാണ്ട്യ, ബെന്‍ സ്റ്റോക്ക്സിന്‍റെ അതി മനോഹര ക്യാച്ചില്‍ പുറത്തായത്.
55 പന്തില്‍ 10 ഫോറുകള്‍ അടക്കം 71 റണ്‍സാണ് ഹാര്‍ദ്ദിക്ക് നേടിയത്. എന്നാല്‍ അവസാനം വരെ ക്രീസില്‍ നിന്ന റിഷഭ് പന്ത് തന്‍റെ കന്നി ഏകദിന സെഞ്ചുറി നേടി. 106 പന്തിലാണ് താരം സെഞ്ചുറി നേടിയത്. സെഞ്ചുറി നേടിയതിനു പിന്നെ വില്ലിയെ തുടര്‍ച്ചയായ 5 ബൗണ്ടറികള്‍ അടിച്ചാണ് മത്സരം ഫിനിഷിങ്ങ് ഘട്ടത്തില്‍ എത്തിച്ചത്. 113 പന്തില്‍ 125 റണ്‍സാണ് താരം നേടിയത്. 16 ബൗണ്ടറികളും 2 സിക്സും നേടി. ജഡേജ (7) പുറത്താകതെ നിന്നു
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു രണ്ടാം ഓവറില്‍ ഇരട്ട പ്രഹരമേറ്റു. ബുംറയുടെ പകരക്കാരനായി എത്തിയ മുഹമ്മദ് സിറാജ് തന്‍റെ ആദ്യ ഓവറില്‍ തന്നെ ജോണി ബെയര്‍സ്റ്റോ (0) ജോ റൂട്ട് (0) എന്നിവരെ മടക്കി. എന്നാല്‍ തുടക്കത്തിലേ വിക്കറ്റുകള്‍ വീണെങ്കിലും ഇംഗ്ലണ്ട്, ആക്രമണ ബാറ്റിംഗാണ് നടത്തിയത്. ജേസണ്‍ റോയും – ബെന്‍ സ്റ്റോക്ക്സും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ ഇരുവരെയും പുറത്താക്കി ഹാര്‍ദ്ദിക്ക് പാണ്ട്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.
ജേസണ്‍ റൊയി 31 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്ക്സ് 29 പന്തില്‍ 27 നേടി. അര്‍ദ്ധസെഞ്ചുറി നേടിയ ജോസ് ബട്ട്ലറിനൊപ്പം മൊയിന്‍ അലി (34) ലിവിങ്ങ്സ്റ്റണ്‍ (24) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 80 പന്തില്‍ 3 ഫോറും 2 സിക്സുമായി 60 റണ്‍സാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അടിച്ചത്.
ഡേവിഡ് വില്ലി (18) ക്രയ്ഗ് ഓവര്‍ട്ടണ്‍ (32) എന്നിവരുടെ വാലറ്റത്തെ പ്രകടനം, ടീമിനെ 250 കടത്തി. 45.5 ഓവറില്‍ ഇംഗ്ലണ്ടിന്‍റെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി ഹാര്‍ദ്ദിക്ക് പാണ്ട്യ 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചഹല്‍ 3 ഉം സിറാജ് 2 ഉം ജഡേജ 1 വിക്കറ്റും വീഴ്ത്തി.