നിലവിൽ ഏകദിന ലോകകപ്പിലെ ഏറ്റവും ഫോമിലുള്ള ടീം ഇന്ത്യയാണ്. ഇതുവരെ ഈ ലോകകപ്പിൽ ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. ഓസ്ട്രേലിയയോടും പാക്കിസ്ഥാനോടും ബംഗ്ലാദേശിനോടും ന്യൂസിലാൻഡിനോടും അഫ്ഗാനിസ്ഥാനോടും മികച്ച വിജയങ്ങൾ തന്നെയാണ് ഇന്ത്യ ടൂർണമെന്റിൽ നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന മത്സരത്തിലും വിജയം നേടി സെമിഫൈനലിൽ ആദ്യം സ്ഥാനം ഉറപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ലക്ഷ്യം. എന്നാൽ ഇംഗ്ലണ്ടും ഇത്തവണ അത്ര മോശം ടീമല്ല. പക്ഷേ ഇത്തവണ മികവ് പുലർത്താൻ ഇംഗ്ലണ്ട് ടീമിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മത്സരത്തിൽ ആരു വിജയിക്കാനാണ് സാധ്യത എന്ന് പ്രവചിക്കുകയാണ് മുൻ പാകിസ്ഥാൻ താരം വസീം അക്രം.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീമാണ് ഫേവറേറ്റുകളെന്നും പക്ഷേ ഇംഗ്ലണ്ടിനെ സൂക്ഷിക്കണമെന്നുമാണ് അക്രം പറയുന്നത്. “ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തന്നെയാണ് ഫേവറേറ്റുകൾ എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഇംഗ്ലണ്ട് മുറിവേറ്റ സിംഹമാണ്. മത്സരത്തിൽ അവർക്ക് വിജയം അനിവാര്യമാണെന്ന് അറിയാം. അതുകൊണ്ടുതന്നെ വളരെ വ്യത്യസ്തമായ ഒരു സമീപനമാവും മത്സരത്തിൽ ഇംഗ്ലണ്ട് പുലർത്തുന്നത്. ഇതുവരെ ഇന്ത്യ ആക്രമണങ്ങളെ നിയന്ത്രിച്ചാണ് കളിച്ചിട്ടുള്ളത്. ഇനിയും അത്തരത്തിൽ മുൻപോട്ടു പോകണം.”- അക്രം പറയുന്നു.
എന്നാൽ ഈ ലോകകപ്പിലെ ഇന്ത്യ, 2003 ലോകകപ്പ് ടൂർണ്ണമെന്റിലെ ഓസ്ട്രേലിയൻ ടീമിനെ പോലെ മുൻപോട്ടു പോകും എന്നാണ് ശ്രീശാന്തിന്റെ അഭിപ്രായം. ഈ ലോകകപ്പിലുടനീളം ഇന്ത്യയെ പരാജയപ്പെടുത്താൻ മറ്റൊരു ടീമിനും സാധിക്കില്ല എന്ന് ശ്രീശാന്ത് പറയുകയുണ്ടായി. “2003 ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയൻ ടീമിനെ പോലെ ഇത്തവണ ഇന്ത്യൻ ടീം അജയ്യരായി മുന്നോട്ടു പോകാനാണ് സാധ്യത.
ഒരു മുൻതാരമെന്ന നിലയിലും ഇന്ത്യക്കാരൻ എന്ന നിലയിലും ഇന്ത്യ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവർ എല്ലായിപ്പോഴും വിജയത്തിനായി ഒരു വഴി കണ്ടെത്തും. ഇതുവരെയും ഇന്ത്യ അതാണ് ചെയ്തത്.”- ശ്രീശാന്ത് പറയുന്നു.
എന്തായാലും ആദ്യ മത്സരങ്ങളിലെ വിജയം ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ തന്നെയാണ് നൽകിയിരിക്കുന്നത്. നിലവിൽ ഇന്ത്യയുടെ പ്രധാന താരമായ ഹർദിക് പാണ്ഡ്യക്ക് പരിക്കുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പാണ്ഡ്യ തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ മുഹമ്മദ് ഷാമിയുടെ നിലവിലെ ഫോം കൂടി കണക്കിലെടുത്താൽ ഇന്ത്യ കൂടുതൽ ശക്തരായാവും ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക. ഈ ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്ന് തന്നെയാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ നടക്കാൻ പോവുന്നത്.