ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. ഓലി പോപ്പും ഹാർട്ലിയും ഇത്തരത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്താൽ ഇംഗ്ലണ്ടിന് ഇന്ത്യയെക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാൻ സാധിക്കും എന്നാണ് പനേസർ പറയുന്നത്.
ഒലി പോപ്പ്, ടോം ഹാർഡ്‌ലി എന്നിവർ ഇംഗ്ലണ്ടിനായി ആദ്യ ടെസ്റ്റ് മത്സരത്തിൽ ശക്തമായ പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. ഇരുവരും ഈ മികവ് തുടർന്നാൽ അത് ഇംഗ്ലണ്ടിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി മാറ്റുമെന്നാണ് പനേസറുടെ പക്ഷം. ഒരു പ്രമുഖ വാർത്താ മാധ്യമത്തിനോട് സംസാരിക്കവെയാണ് പനേസർ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
ആദ്യ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ പ്രകടനം തന്നെ അങ്ങേയറ്റം സന്തോഷവാനാക്കി എന്ന് പനേസർ ചൂണ്ടിക്കാട്ടുകയുണ്ടായി. തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരം കളിച്ച ടോം ഹാർട്ലി വരും മത്സരങ്ങളിലും ഇംഗ്ലണ്ടിന്റെ നിറസാന്നിധ്യമായി മാറും എന്നാണ് പനേസർ കരുതുന്നത്.
“ഓലി പോപ്പും ടോം ഹാർഡ്‌ലിയും ഇത്തരത്തിൽ കളിക്കുകയാണെങ്കിൽ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാൻ ഇംഗ്ലണ്ടിന് സാധിക്കും. 5- 0 എന്ന നിലയിൽ ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്യും. ഓർക്കുക, ഓലി പോപ്പും ഹാർട്ലിയും ഇത്തരത്തിൽ കളിച്ചാൽ മാത്രമേ ഇത് സംഭവിക്കൂ.”- പനേസർ പറയുന്നു.
“ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇതൊരു വലിയ വിജയം തന്നെയാണ്. ഇത്തരമൊരു വിജയം പ്രായോഗികമാകുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. ആദ്യ ഇന്നിങ്സിൽ 190 റൺസിന്റെ ലീഡ് വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് പരാജയപ്പെടുമെന്ന് എല്ലാവരും വിചാരിച്ചു.”
“എന്നാൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നാണ് മത്സരത്തിൽ ഓലി പോപ്പ് കളിച്ചത്. മത്സരത്തിൽ ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടാൻ പോപ്പിന് സാധിച്ചിരുന്നു. ഇതോടു കൂടി രോഹിത് ശർമ നന്നായി വിയർക്കുകയും ചെയ്തു.”- പനേസർ കൂട്ടിച്ചേർക്കുന്നു. മത്സരത്തിൽ 28 റൺസിന്റെ വമ്പൻ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാണിത് എന്ന് പനേസർ പറയുകയുണ്ടായി. ലോകകപ്പ് വിജയിച്ച പ്രതിതിയാണ് മത്സരത്തിന് ശേഷം തനിക്ക് ലഭിച്ചതെന്നും പനേസർ കൂട്ടിച്ചേർത്തു. “ഇംഗ്ലണ്ട് വിദേശ പിച്ചുകളിൽ നേടിയിട്ടുള്ളതിൽ ഏറ്റവും പ്രശസ്തമായ വിജയങ്ങളിൽ ഒന്നാണ് ഹൈദരാബാദിൽ ലഭിച്ചത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇതൊരു വലിയ വാർത്ത തന്നെയാണ്. ഒരു ലോകകപ്പ് വിജയിച്ച പ്രതീതിയാണ് മത്സരശേഷം ലഭിച്ചത്.”- പനേസർ പറഞ്ഞു വെക്കുന്നു.
എന്തായാലും ശക്തമായ പ്രകടനത്തോടെ രണ്ടാം മത്സരത്തിലും മികവ് പുലർത്താനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട്. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് ഒരു വലിയ തിരിച്ചുവരവ് അനിവാര്യമാണ്.