2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്ററിൽ ഒരു തകർപ്പൻ വിജയം നേടി മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ലക്നൗവിനെതിരായ മത്സരത്തിൽ 81 റൺസിന്റെ വിജയമായിരുന്നു മുംബൈ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് മുംബൈ 182 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ലക്നൗവിനെ കേവലം 101 റൺസിൽ ഒതുക്കാൻ മുംബൈയ്ക്ക് സാധിച്ചു. മത്സരത്തിൽ അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ മദ്വാലായിരുന്നു മുംബൈക്കായി നിറഞ്ഞാടിയത്. മുംബൈയുടെ ഈ വിജയങ്ങൾ ഫൈനലിലെത്തിയിരിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന് വലിയ വെല്ലുവിളി ഉണ്ടാക്കുന്നുണ്ട് എന്നാണ് മത്സരശേഷം മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ പറഞ്ഞത്.
മുംബൈയുടെ വമ്പൻ തിരിച്ചുവരവിനെ വാഴ്ത്തിയാണ് ഹെയ്ഡൻ സംസാരിച്ചത്. “മുംബൈയെ സംബന്ധിച്ച് വലിയൊരു അംഗീകാരം തന്നെയാണ് ഇത്. ഈ സീസണിലെ രണ്ടു പകുതികളും വളരെ വ്യത്യസ്തമായ രീതിയിലാണ് മുംബൈ ഇന്ത്യൻസ് കളിച്ചിട്ടുള്ളത്. ആദ്യ 7 മത്സരങ്ങളിൽ അവർ 3 മത്സരങ്ങളിൽ വിജയിക്കുകയും നാലെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു. അടുത്ത 7 മത്സരങ്ങളിൽ അവർ 5 എണ്ണത്തിൽ വിജയിച്ചു. അതിനാൽ തന്നെ അവർ ഒരു മികവാർന്ന പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നു. ഇക്കാരണംകൊണ്ട് തന്നെ എതിർ ടീമുകൾ മുംബൈയെ ഭയക്കുന്നുണ്ട് എന്നത് ഉറപ്പാണ്.”- ഹെയ്ഡൻ പറഞ്ഞു.
“അടുത്ത മത്സരത്തിൽ കൂടി ഉഗ്രൻ വിജയം നേടിയാൽ മുംബൈയ്ക്ക് ഫൈനലിലെത്താൻ സാധിക്കും. അത് ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ച് ഒരുപാട് ഭയപ്പാട് ഉണ്ടാക്കും എന്നുറപ്പാണ്. മുൻപ് ഇതിഹാസ ക്രിക്കറ്ററായ ഡ്വൈൻ ബ്രാവോ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. എന്തായാലും ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഫൈനലിലെ എതിരാളികളായി പ്രതീക്ഷിക്കുന്നത് ഗുജറാത്ത് ടൈറ്റൻസിനെ തന്നെയാവും. മുംബൈ ഇന്ത്യൻസിനോട് ഒരിക്കലും ഫൈനലിൽ ഏറ്റുമുട്ടാൻ അവർ തയ്യാറാവില്ല.”- ഹെയ്ഡൻ കൂട്ടിച്ചേർക്കുന്നു.
ലക്നൗവിനെതിരായ മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ബോളർമാർ കാഴ്ചവച്ചത്. യുവപേസ് ബോളർ മദ്വാലാണ് മുംബൈക്കായി മത്സരത്തിൽ നിറഞ്ഞാടിയത്. തന്റെ 3.3 ഓവറുകളിൽ കേവലം 5 റൺസ് മാത്രം വിട്ടുനൽകിയാണ് മദ്വാൽ 5 വിക്കറ്റുകൾ നേടിയത്. മുംബൈയുടെ സീസണിലെ ഈ ബോളിംഗ് പ്രകടനങ്ങൾ മറ്റു ടീമുകൾക്ക് വലിയ രീതിയിൽ ഭീഷണിയുണ്ടാക്കുന്നുണ്ട്. ക്വാളിഫയർ രണ്ടിൽ ഹർദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസിനെയാണ് മുംബൈ ഇന്ത്യൻസ് നേരിടാൻ പോകുന്നത്.