പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം ടി:20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ആറ് വിക്കറ്റിന്‍റെ തകർപ്പൻ വിജയം .ഇതോടെ ഇരു ടീമുകളും പരമ്പരയിൽ ഓരോ മത്സരങ്ങൾ ജയിച്ച് 1-1 തുല്യത പാലിക്കുകയാണ് .
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ 16.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക പാകിസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യം മറികടന്നു . പരമ്പരയിലെ ആദ്യ മത്സരം പാക്കിസ്ഥാന്‍ ടീം ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെ ടി:20 മത്സരം ഇന്ന് നടക്കും.ഈ മത്സരം ജയിക്കുന്നവർക്ക് ടി:20 പരമ്പര സ്വന്തം പേരിലാക്കാം .
പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ആദ്യ 3 ഓവറിൽ 2 മുൻ നിര വിക്കറ്റുകൾ നഷ്ടമായപ്പോൾ തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും റേസാ ഹെന്‍ഡ്രിക്സും പൈറ്റ് വാന്‍ ബില്‍ജോണും(42), ഡേവിഡ് മില്ലറും(25*), ഹെന്‍റിച്ച് ക്ലാസനും(17*) ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കി.ഓപ്പണർ ജാനെമാന്‍ മലനും(4), സ്മട്സും(7) തുടക്കത്തിലെ പുറത്തായശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്. ക്യാപ്റ്റന്‍ ക്വിന്‍റണ്‍ ഡീകോക്ക് അടക്കം പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്ലാസനാണ് നയിച്ചത്.
അതേസമയം ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ടീം പാകിസ്ഥാൻ നിരയെ ബാറ്റിങ്ങിന് വേണ്ടി ക്ഷണിക്കുകയായിരുന്നു . ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനായി ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍(41 പന്തില്‍ 51)അര്‍ധസെഞ്ചുറി നേടിയെങ്കിലും മറ്റാര്‍ക്കും കാര്യമായ പിന്തുണ നല്‍കാനായില്ല. വാലറ്റത്ത് ഫഹീം അഷ്റഫ്(12 പന്തില്‍ 30) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് പാക്കിസ്ഥാനെ 144 റൺസ് ടോട്ടലിലേക്ക് എത്തിച്ചത്. ക്യാപ്റ്റന്‍ ബാബര്‍ അസം(5) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ബൗളിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് വേണ്ടി പ്രിട്ടോറിയസ് നാലോവറില്‍ 17 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തു.താരത്തിന്റെ ടി:20 കരിയറിലെ ആദ്യ 5 വിക്കറ്റ് നേട്ടമാണിത് .