കരുത്തുകാട്ടി രോഹിത്തും രഹാനെയും :ആദ്യ ദിനം ഇന്ത്യക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ്

ഓപ്പണർ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും അജിൻക്യ  രഹാനെയുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. തുടക്കത്തിലെ  തകർച്ച നേരിട്ട ഇന്ത്യയെ നാലാം വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇരുവരും കരകയറ്റിയപ്പോള്‍ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ  ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന ഭേദപ്പെട്ട  നിലയിലാണ്. 33 റണ്‍സോടെ റിഷാബ്  പന്തും അഞ്ച് റണ്‍സുമായി അക്സര്‍ പട്ടേലുമാണ്  ക്രീസില്‍.

ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ ടോസ് ഭാഗ്യം ഇന്ത്യയെ കനിഞ്ഞപ്പോൾ നായകൻ കോഹ്ലി പ്രതീക്ഷിച്ച പോലെ ബാറ്റിംഗ് തിരഞ്ഞെടുത്തു .എന്നാൽ ഇന്നിങ്സിലെ രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ട് ഇന്ത്യൻ ക്യാമ്പിനെ ഞെട്ടിച്ചു .ഓപ്പണർ ശുഭ്മാൻ ഗിൽ റൺസ് എടുക്കും മുൻപേ നേരിട്ട മൂന്നാം പന്തിൽ തന്നെ വിക്കറ്റിന് മുൻപിൽ കുരുങ്ങി .ക്രിസ് വോക്‌സിനെ മറികടന്ന് ഇംഗ്ലീഷ് പ്ലെയിങ്  ഇലവനില്‍ ഇടംപിടിച്ച ഓലി സ്റ്റോണ്‍ യുവ ഓപ്പണറെ പുറത്താക്കി .

എന്നാല്‍ രണ്ടാം വിക്കറ്റില്‍ വിശ്വസ്ത ബാറ്റ്സ്മാൻ ചേതേശ്വർ  പൂജാരയെ കൂട്ടുപിടിച്ച് മികച്ച ഷോട്ടുകളുമായി മുന്നേറിയ  രോഹിത് ശര്‍മ്മ ഇന്ത്യൻ ഇന്നിങ്സിന്  കരുത്ത്   പകർന്നു .നേരിട്ട 47 ആം പന്തിൽ  തന്നെ  രോഹിത് 12-ാം ടെസ്റ്റ് അര്‍ധ സെഞ്ചുറി തികച്ചു. എന്നാൽ  ഇതിനിടെ 41ല്‍ നില്‍ക്കേ താരത്തെ ഫസ്റ്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്‌സ് കൈ  വിട്ടുകളഞ്ഞിരുന്നു.  പതിവ് പോലെ  പ്രതിരോധവുമായി മുന്നേറിയ പൂജാരയെ  21-ാം  ഓവറിൽ സ്പിന്നർ ലീച്ചിന്‍റെ പന്തില്‍ (58 പന്തില്‍ 21) സ്റ്റോക്സ് സ്ലിപ്പില്‍ കൈയിലൊതുക്കി. 85 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ പൂജാരയും-രോഹിത്തും ഇന്ത്യക്കായി നേടിയത് .

എന്നാൽ ഇന്ത്യയെ ഏറെ ഞെട്ടിച്ചത് നാലാം നമ്പറിൽ വന്ന നായകൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് .പൂജാര പുറത്തായി തൊട്ടടുത്ത ഓവറിൽ കൊഹ്‌ലിയെ മടങ്ങി മോയിൻ അലി ഇന്ത്യക്ക് കനത്ത പ്രഹരം തന്നെ  ഏൽപ്പിച്ചു .താരത്തെ ആദ്യമായിട്ടാണ് ഒരു സ്പിന്നർ ടെസ്റ്റിൽ പൂജ്യത്തിൽ പുറത്താക്കിയത് .ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിലായിരുന്നു ടീം ഇന്ത്യ .

നാലാം വിക്കറ്റിൽ ഇന്ത്യൻ ബാറ്റിംഗ്  പ്രതീക്ഷകൾക്ക് ചിറകേകിയത് രഹാനെ : രോഹിത് ബാറ്റിംഗ് ജോഡിയാണ്‌ .
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ രോഹിത് ശര്‍മ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് വേഗം  മുന്നോട്ട് നീക്കിയപ്പോള്‍ ഉപനായകൻ രരഹാനെ മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ പതുക്കെ കരകയറി. ഏഴാം ടെസ്റ്റ് സെഞ്ചുറി തികച്ച രോഹിത് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോയപ്പോള്‍ രണ്ടാം സെഷനില്‍ ഇന്ത്യക്ക് വിക്കറ്റൊന്നും നഷ്ടമായില്ല. ഇതിനിടെ അര്‍ധസെഞ്ചുറിയുമായി രഹാനെയും വിമര്‍ശകര്‍ക്ക് ചുട്ട മറുപടി  ബാറ്റുകൊണ്ട് നല്‍കി.

See also  രോഹിതിന് ഇത്തവണ ഫിറ്റ്നസ് പണി കൊടുക്കും. മുൻ ഇന്ത്യൻ താരം.

150  റൺസും പിന്നിട്ട് മികച്ച ഫോമില്‍ കളിച്ച രോഹിത്  ഇടം കയ്യൻ  സ്പിന്നർ ജാക് ലീച്ചിനെ സ്വീപ് ചെയ്യാന്‍ ശ്രമിച്ച് പുറത്തായത് വീണ്ടും ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.  231 പന്തില്‍ 161 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. നാലാം വിക്കറ്റില്‍ രഹാനെക്കൊപ്പം 152 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി രോഹിത് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.
എന്നാൽ രോഹിത് ശർമ്മ  ഔട്ട്‌ ആയതിന്  പിന്നാലെ മോയിന്‍ അലിക്കെതിരെ മറ്റൊരു സ്വീപ് ഷോട്ടിന് ശ്രമിച്ച അജിൻക്യ  രഹാനെ(67) ബൗള്‍ഡായതോടെ വീണ്ടും ആദ്യ ദിനം  ഇന്ത്യ   മറ്റൊരു തകര്‍ച്ച ഭയന്നു .

ശേഷം റിഷാബ്  പന്തിന് കൂട്ടായി എത്തിയ അശ്വിന്‍(13) 35 റണ്‍സിന്‍റെ ഏഴാം വിക്കറ്റ്  കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും ജോ റൂട്ടിന്‍റെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ഓലി പോപ്പിന് ക്യാച്ച് നല്‍കി താരം വൈകാതെ  മടങ്ങി.
ടോസ്  നഷ്ടപ്പെട്ട ഇംഗ്ലണ്ട് ടീം ബൗളിങ്ങിൽ മികച്ച പോരാട്ട വീര്യമാണ് കാഴ്ചവെച്ചത് .ഇംഗ്ലണ്ടിനായി ജാക്ക് ലീച്ചും മോയിന് അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റൂട്ടും ഓലി സ്റ്റോണും ഓരോ വിക്കറ്റെടുത്തു.

ഇന്ത്യന്‍ ടീം :രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(നായകന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് ടീം :ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ബെന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഓലി സ്റ്റോണ്‍.

Scroll to Top