ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായ ഏഴാം മത്സരത്തിലും പരാജയം. മഹേന്ദ്ര സിങ്ങ് ധോണിയുടെ ഫിനിഷിങ്ങ് കണ്ട മത്സരത്തില്‍ അവസാന ഓവറില്‍ 17 റണ്‍സ് അടിച്ചെടുത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയം നേടിയെടുത്തത്. 13 പന്തില്‍ 3 ഫോറും 1 സിക്സും അടക്കം 28 റണ്‍സാണ് നേടിയത്.
സൗത്താഫ്രിക്കന്‍ താരം ഡ്വെയന്‍ പ്രിട്ടോറിയസ് 14 പന്തിൽ 22 റൺസ് നേടി ധോണിക്ക് മികച്ച പിന്തുണ നൽകി. 18 പന്തില്‍ 42 റണ്‍സ് വേണമെന്ന നിലയിലായിരുന്നു ഇരുവരുടേയും കൂട്ടുകെട്ട്. പ്രിട്ടോറിയസ് അവസാന ഓവറിലെ ആദ്യ പന്തിലാണ് പുറത്തായത്. മത്സരത്തില്‍ ബുംറയെ സ്കൂപ്പ് ചെയ്ത് ഒരു ഫോര്‍ നേടിയിരുന്നു.
മത്സരത്തിനു ശേഷം ധോണിയുമായുള്ള സംഭാഷണത്തെപ്പറ്റി സൗത്താഫ്രിക്കന്‍ താരം പറഞ്ഞു. ” ധോണിയാണ് ഫിനിഷിങ്ങിലെ മാസ്റ്റര്‍. ഇന്ന് രാത്രി അത് വീണ്ടും ചെയ്തു. ആദ്യ ഓവറിൽ തന്നെ ആ സ്കൂപ്പ് ഷോട്ടിന് പോകാൻ ഞാന്‍ ആഗ്രഹിച്ചിരുന്നു. ധോണി എന്നോട് കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വീണ്ടും ചോദിച്ചപ്പോള്‍ അടിച്ചോളാന്‍ ധോണി നിര്‍ദ്ദേശം നല്‍കി. ടീമിന്‍റെ വിജയത്തില്‍ സംഭാവന നല്‍കിയതില്‍ സന്തോഷമുണ്ട്. ” സൗത്താഫ്രിക്കന്‍ താരം പറഞ്ഞു.
മത്സരം കൈവിട്ടു പോയപ്പോള്‍ ആശങ്കയുണ്ടായിരുന്നു എന്നും, എന്നാല്‍ ഗ്രേറ്റ് ഫിനിഷര്‍ ക്രീസിലുള്ളപ്പോള്‍ ചാന്‍സ് ഉണ്ടായിരുന്നു എന്നും ജഡേജ പറഞ്ഞു. അദ്ദേഹം ഇപ്പോഴും ഞങ്ങള്‍ക്കു വേണ്ടി ചെയ്യുന്നു എന്ന് ജഡേജ കൂട്ടിചേര്‍ത്തു.