ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാവണ്ട : ഞെട്ടിക്കുന്ന നിര്‍ദ്ദേശം നൽകി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഏവരും ടീം ഇന്ത്യയുടെ ലങ്കൻ പര്യടനത്തെ കുറിച്ചുള്ള വിശദ ചർച്ചകളിലാണ്. ഏകദിന ടി :20 പരമ്പരകളിൽ ഇന്ത്യൻ യുവ നിരയും ഒപ്പം ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നാണ് ക്രിക്കറ്റ്‌ ആരാധകരുടെ അഭിപ്രായം. എന്നാൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തി ആരാധകരിൽ ആവേശവും ഒപ്പം ഏറെ ആകാംക്ഷയും സൃഷ്ട്ടിച്ച പരിശീലകൻ ദ്രാവിഡിനെ കുറിച്ചും ക്രിക്കറ്റ്‌ പ്രേമികൾ വാചാലരാവുകയാണ് ഇപ്പോൾ. ഇന്ത്യൻ അണ്ടർ 19 ടീമിനെ മുൻപ് 2018ൽ കിരീട വിജയത്തിലേക്ക് നയിച്ച അനുഭവമുള്ള ദ്രാവിഡ് ഏറെ പുതുമുഖങ്ങളും യുവ താരങ്ങളും ഉൾപ്പെട്ട ഈ ഇന്ത്യൻ ടീമിന് ഒപ്പം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

എന്നാൽ വൈകാതെ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായി രവി ശാസ്ത്രിക്ക് പകരം രാഹുൽ ദ്രാവിഡ് ആ സ്ഥാനത്തേക്ക് എത്തും എന്ന് ഉറച്ച് വിശ്വസിക്കുന്ന പല ആരാധകർക്കും നിരാശ സമ്മാനിക്കുന്ന മറുപടിയുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരവും പ്രശ്‌സ്ത ക്രിക്കറ്റ് നിരീക്ഷകനുമായ വസീം ജാഫർ. രാഹുൽ ദ്രാവിഡ്‌ ഒരിക്കലും ഇന്ത്യൻ സീനിയർ ടീം കോച്ചായി ഒതുങ്ങരുത് എന്നാണ് ജാഫർ അഭിപ്രായപെടുന്നത്. “നിലവിൽ ഇന്ത്യൻ ടീമിനെ ലങ്കയിൽ പരിശീലിപ്പിക്കുക എന്ന റോളിലാണ് അദ്ദേഹം.തന്നെ ഏൽപ്പിച്ച എല്ലാ ചുമതലകളും വളരെ ഭംഗിയായി നിർവഹിച്ചിട്ടുള്ള ദ്രാവിഡ് ഈ പരമ്പര കഴിഞ്ഞാൽ തിരികെ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാൻ സ്ഥാനത്തേക്ക് എത്തണമെന്നാണ് എന്റെ ആഗ്രഹവും ഒപ്പം അഭിപ്രായവും. ഭാവിയിലേക്കുള്ള യുവ താരങ്ങൾക്കായി ആ റോൾ ഇനിയും ദ്രാവിഡ് നിർവഹിക്കണം “ജാഫർ തന്റെ നിലപാട് വിശദമാക്കി.

“ഈ പരമ്പരക്ക് ശേഷം ഇന്ത്യൻ ടീമിന്റെ സ്ഥിര പരിശീലകനായി വന്നേക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.ഇനിയും അണ്ടർ 19, ഇന്ത്യൻ എ ടീം എന്നിവർക്കൊപ്പം എല്ലാം ദ്രാവിഡ് പ്രവർത്തിക്കണം. ഏറെ ആവേശത്തോടെ തുടർന്നും യുവ ക്രിക്കറ്റ്‌ താരങ്ങളെ മുൻപോട്ട് നയിക്കാൻ രാഹുൽ ദ്രാവിഡിന് കഴിയും.സീനിയർ തലത്തിൽ കളിക്കുന്ന താരങ്ങൾക്ക് ഒന്നും പഠിക്കാനില്ല. എല്ലാം പഠിക്കേണ്ടത് യുവ താരങ്ങൾക്കാണ്. നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ എത്തുന്നവരെ നിർദ്ദേശങ്ങൾ നൽകി ഇനിയും ഏറെ ഉയരങ്ങളിലേക്ക് നയിക്കാൻ ദ്രാവിഡ് ഇനിയും ശ്രദ്ധിക്കണം “വസീം ജാഫർ വാചാലനായി.