ഐപിഎല്ലിലും ദേശീയ ടീമിലും മികച്ച ഫോമിലൂടെ പ്രധാന താരമായി മാറിയിരിക്കുകയാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ. ഐപിഎല്ലിൽ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിനെ മുന്നിൽ നിന്ന് നയിച്ച താരം ടീമിനെ കിരീടത്തിലേക്ക് നയിച്ചു. സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ സൗത്താഫ്രിക്കന്‍ പരമ്പരക്ക് ഇടം നേടിയ താരം മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. ഇപ്പോഴിതാ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് ക്യാപ്റ്റന്‍സി അവസരം ലഭിച്ചിരിക്കുകയാണ്.
മത്സരത്തിന് മുന്നോടിയായി, എങ്ങനെ തന്റെ കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തോട് ചോദ്യം ആരാഞ്ഞിരുന്നു, സീരീസിന് ശേഷം, സീനിയേഴ്സ് മടങ്ങിയെത്തുമ്പോൾ ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് ക്യാപ്റ്റന്‍സി സ്ഥാനം മടക്കി നല്‍കേണ്ടി വരും.
“ഞാനിവിടെ ആരോടും ഒന്നും കാണിക്കാനല്ല വന്നിരിക്കുന്നത്. ഇന്ത്യയെ നയിക്കാൻ എനിക്ക് ഒരു അവസരം ലഭിച്ചു, അത് തന്നെ എനിക്ക് വലിയ കാര്യമാണ്. ആരെയും ഒന്നും കാണിക്കാൻ വേണ്ടിയല്ല ഞാൻ ഈ സ്പോർട് കളിക്കുന്നത്. ഈ പരമ്പരയിൽ എനിക്ക് എന്ത് കൊണ്ടുവരാൻ കഴിയും എന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” പാണ്ഡ്യ പറഞ്ഞു.
മികച്ച ഇലവനെ കളിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും പരമ്പരയിൽ യുവതാരങ്ങൾക്ക് ടീം അരങ്ങേറ്റം നൽകിയേക്കുമെന്നും പാണ്ഡ്യ സൂചന നല്‍കി.
“ഞങ്ങൾക്ക് യുവതാരങ്ങള്‍ക്ക് അവസരം നൽകണം, എന്നാൽ അതേ സമയം മികച്ച ഇലവനുമായി കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ യുവതാരങ്ങള്‍ക്ക് അരങ്ങേറ്റം നല്‍കുന്ന സാഹചര്യമുണ്ടാകും. ഏറ്റവും മികച്ച ഇലവനെ കളിപ്പിക്കുക എന്നതാണ് ശ്രദ്ധ,” പാണ്ഡ്യ കൂട്ടിച്ചേർത്തു.
അയർലൻഡ് ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ, അക്സർ പട്ടേൽ, ദിനേഷ് കാർത്തിക് , ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്.