❛അവന്‍ ഇവിടെ കളിക്കാനാണ് വന്നത്❜ ആരാധകനോട് ദേഷ്യപ്പെട്ട് വീരാട് കോഹ്ലി.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനു മുന്നോടിയായി ലെയ്സ്റ്റര്‍ഷെയറിനെതിരെ ഇന്ത്യ പരിശീലന മത്സരം കളിക്കുകയാണ്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലി ആരാധകരോട് ദേഷ്യപ്പെടുന്ന വീഡിയോയാണ് വൈറലാവുന്നത്. സന്നാഹ മത്സരത്തിലെ രണ്ടാം ദിനം യുവതാരമായ കമലേഷ് നാഗര്‍കോട്ടിയോടൊപ്പം ഫോട്ടോക്ക് ആരാധകന്‍ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വീരാട് കോഹ്ലി ഇടപ്പെട്ടത്.

” ഓഫീസിൽ നിന്ന് അവധിയെടുത്താണ് ഞാൻ ഇവിടെ വന്നത്. അതിനാൽ, എന്നോടൊപ്പം ഒരു ഫോട്ടോയെങ്കിലും ക്ലിക്കുചെയ്യാനാണ് നാഗര്‍കോട്ടിയെ വിളിക്കുന്നത്” കോഹ്‌ലിയോട് ആരാധകന്‍ പറഞ്ഞു. എന്നാല്‍ ഉടന്‍ തന്നെ വീരാട് കോഹ്ലിയുടെ മറുപടി എത്തി. ” അവന്‍ മത്സരം കളിക്കാനാണോ ഫോട്ടോകൾ ക്ലിക്കുചെയ്യാനാണോ വന്നത് ?” കോഹ്‌ലി പവലിയനിൽ നിന്ന് തിരിച്ച് ചോദിച്ചു.

Screenshot 20220625 201846 Twitter

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡിന്‍റെ ഭാഗമല്ലെങ്കിലും നെറ്റ് ബോളറായാണ് കമലേഷ് നാഗര്‍കോട്ടി ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നത്.

തന്‍റെ ദേഷ്യം ഉള്ളിലൊതുക്കാതെ പ്രകടിപ്പിക്കുന്ന താരമാണ് വീരാട് കോഹ്ലി. പ്രത്യേകിച്ച് സഹതാരങ്ങള്‍ക്കെതിരെ ഏതറ്റവും വരെ പോകാന്‍ അദ്ദേഹം തയ്യാറാണ്. 2021-ൽ, ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മോശം പ്രകടനത്തിന് ശേഷം ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് നേരെ സൈബര്‍ ആക്രമണം വന്നപ്പോള്‍ താരത്തെ പിന്തുണച്ച് വീരാട് കോഹ്ലി രംഗത്ത് എത്തിയിരുന്നു.